ഇന്ധനക്കൊള്ള: സർക്കാർ ജനങ്ങളെ ദുരിതത്തിലാക്കുന്നുവെന്ന് കെ.സി വേണുഗോപാല്‍; വിലവര്‍ധനവിനെതിരെ സൈക്കിൾ ചവിട്ടി പ്രതിഷേധം

Jaihind News Bureau
Monday, June 29, 2020

 

കൊവിഡ് പ്രതിസന്ധിയിൽ  സഹായിക്കുന്നതിന് പകരം സർക്കാർ ജനങ്ങളെ ദുരിതത്തിലാക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. ഇന്ധനവില വര്‍ധനയ്ക്കെതിരെ അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ സൈക്കിൾ ചവിട്ടി പ്രതിഷേധിച്ചു.

ഇന്ധന വില വർധനവിനെതിരെ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിച്ചു. ഡൽഹിയിൽ ഉൾപ്പെടെ രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇന്ധന വില പിൻവലിക്കണം എന്നാവശ്യപ്പെട്ട് നേതാക്കൾ രാഷ്ട്രപതിക്ക് മെമ്മോറാണ്ടം സമർപ്പിച്ചു. ഡൽഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐപി കോളേജിന് സമീപമായിരുന്നു പ്രതിഷേധം.   പ്രതിഷേധിച്ച കോൺഗ്രസ്‌ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു  നീക്കി.

ഗുജറാത്തിൽ കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറി. അഹമ്മദാബാദിൽ റോഡ് ഉപരോധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു. കർണാടകയിൽ ഡി കെ ശിവകുമാറിന്‍റെ  നേതൃത്വത്തിൽ സൈക്കിൾ റാലി നടത്തി.  യു പി യിൽ പിസിസി അധ്യക്ഷന്‍ അജയ് ലല്ലുവിന്‍റെ  നേതൃത്വത്തിൽ പ്രതിഷേധം നടന്നു. യൂത്ത് കോണ്‍ഗ്രസ്, എൻ എസ് യു ഐ, മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലും രാജ്യവ്യാപാകമായി പ്രതിഷേധങ്ങൾ അരങ്ങേറി.