ഇന്ധനവില വര്‍ധന : കോണ്‍ഗ്രസ് പ്രതിഷേധം ഇന്ന്

Jaihind Webdesk
Friday, June 11, 2021

തിരുവനന്തപുരം : ഇന്ധനവില വര്‍ധനവിനെതിരെ  കെപിസിസിയുടെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും.  കൊവിഡ് മാനദണ്ഡം പാലിച്ച് പെട്രോള്‍ പമ്പുകള്‍ക്ക് മുന്നിലാണ് പ്രതിഷേധം. നിയുക്ത കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി  കണ്ണൂരില്‍ പ്രതിഷേധ പരിപാടിക്ക് നേതൃത്വം വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തിരുവല്ല കെഎസ്ആർടിസി ജംഗ്ഷന് സമീപത്തെ പെട്രോൾ പമ്പിലും മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ  പെട്രോൾ പമ്പിലും പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കും.

മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ പേരൂർക്കടയിലെ പെട്രോൾ പമ്പിലും രമേശ് ചെന്നിത്തല വെള്ളയമ്പലം മാനവീയം വീഥിക്ക് സമീപത്തെ പെട്രോൾ പമ്പിലും പ്രതിഷേധ പരിപാടിക്ക് നേതൃത്വം നല്‍കും. യുഡിഎഫ് കൺവീനർ എം.എം ഹസൻ വെള്ളയമ്പലം ഐജി ഓഫീസിന് സമീപത്തെ പെട്രോൾ പമ്പില്‍ പ്രതിഷേധത്തില്‍ പങ്കെടുക്കും. എംപിമാര്‍ എംഎല്‍എമാര്‍, കോൺഗ്രസിന്‍റെ സമുന്നത നേതാക്കള്‍ തുടങ്ങിയവരും പ്രതിഷേധപരിപാടികള്‍ക്ക് നേതൃത്വം നല്‍കും.