ഇന്ധനവില ഇന്നും കൂട്ടി ; കേരളത്തില്‍ പെട്രോള്‍ വില നൂറിന് അരികെ

Jaihind Webdesk
Sunday, June 6, 2021

തിരുവനന്തപുരം : രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. രണ്ട് ദിവസത്തെ ഇടവേളയ്ക്കുശേഷം പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ 36 ദിവസത്തിനിടെ ഇത് ഇരുപതാം തവണയാണ് ഇന്ധന വില കൂട്ടിയത്.

തിരുവനന്തപുരത്ത് പെട്രോളിന് 97.08 രൂപയും ഡീസലിന് 92.31 രൂപയുമാണ്  വില.കൊച്ചിയില്‍ പെട്രോളിന് 95.13 രൂപയും, ഡീസലിന് 91.58 രൂപയും കോഴിക്കോട് പെട്രോളിന് 95.38 രൂപയും ഡീസലിന് 90.73 രൂപയുമാണ് ഇന്നത്തെ വില.

കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെല്ലാം ഇന്ധന വില സർവകാല റെക്കോർഡിലാണ്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ്  കൊവിഡ് പ്രതിസന്ധിക്കിടയിലും രാജ്യത്ത് ഇന്ധന വില കൂട്ടിത്തുടങ്ങിയത്. രാജ്യത്തിന്‍റെ പല ഭാഗത്തും ഇന്ധന വില ഇതിനോടകം നൂറ് കടന്നു.

മഹാമാരിയില്‍ വലയുന്ന ജനത്തെ കൂടുതല്‍ ദുരിതത്തിലാക്കി ഇന്ധനവില വര്‍ധിപ്പിക്കുന്നതിനെതിരെ വ്യാപകപ്രതിഷേധമാണ് നിലനില്‍ക്കുന്നത്. കേന്ദ്രത്തിനെതിരെ നീതി ആയോഗും രംഗത്തെത്തിയിരുന്നു. ഇന്ധനവില നിയന്ത്രിക്കാന്‍ കേന്ദ്രത്തിന് ബാധ്യതയുണ്ടെന്നും ഇടപെടണമെന്നും നീതി ആയോഗ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു.