‘അന്ന് എതിര്‍ത്തു, ഇന്ന് നടപ്പാക്കുന്നു’; തോട്ടങ്ങളില്‍ പഴം, പച്ചക്കറി കൃഷി ജാഗ്രതയോടെ വേണമെന്ന് ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Saturday, July 4, 2020

 

തോട്ടങ്ങളില്‍ ഇടവിളയായി പഴം, പച്ചക്കറി കൃഷി ചെയ്യാനുള്ള ഭൂപരിഷ്‌കരണത്തിലേക്ക് ഇടതുപക്ഷം സജീവമായി കടക്കുമ്പോള്‍ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ഭൂപരിഷ്‌കരണ നിയമത്തില്‍ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങളുടെ രണ്ടാംഘട്ടമാണ് അതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തോട്ടങ്ങളിലെ ചെറിയഭാഗം ഭൂമി മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാമെന്നു യുഡിഎഫ് സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നപ്പോള്‍ പ്രതിപക്ഷത്തിരുന്ന് എല്ലാത്തിനെയും എതിര്‍ക്കുകയും അധികാരത്തില്‍ വരുമ്പോള്‍ അവ നടപ്പാക്കുകയും ചെയ്യുന്ന സമീപനമാണ് ഇടതുപക്ഷം ഇക്കാര്യത്തിലും സ്വീകരിച്ചത്. ഇടതുപക്ഷത്തിന്റെ പുതിയ നിര്‍ദേശം യുഡിഎഫ് സര്‍ക്കാര്‍ പുലര്‍ത്തിയ ജാഗ്രതയോടെ വേണം നടപ്പാക്കാനെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

ഇടതുപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് യുഡിഎഫ് സര്‍ക്കാര്‍ തോട്ടങ്ങളിലെ തോട്ടവിളയില്ലാത്ത 5 ശതമാനം ഭൂമി പുഷ്പകൃഷി, ഔഷധസസ്യ കൃഷി, ഡയറിഫാം, ടൂറിസം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് രണ്ടു നിയമങ്ങള്‍ പാസാക്കുകയും ചട്ടങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു. കേരള ഭൂപരിഷ്‌കരണ നിയമം രണ്ടാം ഭേദഗതി (2005, 2012 ) നടപ്പാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ 2013 മാര്‍ച്ച് 7ന് പുറപ്പെടുവിച്ചു. പ്രതിസന്ധി നേരിടുന്ന തോട്ടം മേഖല ഈ മാറ്റങ്ങളെ ഹാര്‍ദമായി സ്വീകരിച്ചു.

തോട്ടംമേഖല ഇപ്പോള്‍ കൃഷിച്ചെലവും വിലയിടിവുംമൂലം കടുത്ത പ്രതിസന്ധി നേരിടുകയാണ്. കഴിഞ്ഞ വര്‍ഷം 4600 കോടിയുടേതായിരുന്നു ഈ മേഖലയിലെ നഷ്ടം. ഇതിന് പരിഹാരം എന്ന നിലയിലാണ് തോട്ടഭൂമിയുടെ നിശ്ചിതശതമാനം പഴം- പച്ചക്കറി കൃഷിക്ക് ഉപയോഗിക്കാന്‍ ഇടതുമുന്നണി നീക്കം. ഭൂപരിഷ്‌കരണ നിയമത്തില്‍ കടുംപിടിത്തമുള്ള സിപിഐയാണ് ഇതിന് മുന്‍കൈ എടുത്തത്. സിപിഐയും സിപിഎമ്മും ഇടതുമുന്നണിയും ചര്‍ച്ച ചെയ്തശേഷമായിരിക്കും സര്‍ക്കാരിന്റെ തീരുമാനം ഉണ്ടാകുക.

യുഡിഎഫ് സര്‍ക്കാരിന്റെ നിയമപ്രകാരം 5% സ്ഥലത്തിന്റെ 90% സ്ഥലത്താണ് തോട്ടയിതര കൃഷികര്‍ക്ക് അനുവാദം. ജൈവകൃഷിയാണ് പ്രോത്സാഹിപ്പിക്കേണ്ടത്. 5 ശതമാനം സ്ഥലത്തിന്റെ 10 ശതമാനം മാത്രമേ ഫാം ടൂറിസത്തിനു വിനിയോഗിക്കാനാവൂ. 1000 ഏക്കര്‍ സ്ഥലമുണ്ടെങ്കില്‍ അതിന്റെ 5 ശതമാനമായ 50 ഏക്കറിന്റെ 10 ശതമാനമായ 5 ഏക്കറിലാണ് ടൂറിസം പദ്ധതി അനുവദിക്കുന്നത്. 45 ഏക്കറില്‍ പഴം, പച്ചക്കറി, ക്ഷീരോല്‍പാദനം തുടങ്ങിയവ ആകാം. ഈ സ്ഥലം വില്‍ക്കാന്‍ പാടില്ല. വന്‍കിട തോട്ടങ്ങളില്‍ പരമാവധി 10 ഏക്കറില്‍ മാത്രമേ ടൂറിസം പദ്ധതിക്ക് അനുവദിക്കൂ.

തൊഴിലാളികളുടെ താത്പര്യം സംരക്ഷിച്ചും അവരെ ഒരുവിധത്തിലും ദോഷകരമായി ബാധിക്കാത്ത രീതിയിലും വേണം നടപ്പാക്കാന്‍. എസ്റ്റേറ്റുകള്‍ തുണ്ടുകളാക്കുന്നതു തടയാന്‍ 5 ശതമാനം ഭൂമി ഇളവ് ഒരു തവണ മാത്രമേ നല്കൂ. പദ്ധതി നടപ്പാക്കാന്‍ ആ പ്രദേശത്തുള്ള തൊഴിലാളികളെ ഉപയോഗിക്കണം. പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങള്‍ മാത്രമേ നിര്‍മിക്കാവൂ. ബഹുനില കെട്ടിടങ്ങളുടെ നിര്‍മാണം പാടില്ല. പരമാവധി രണ്ടു നിലകള്‍ വരെയാകാം. ടൂറിസം പ്രദേശത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ടൂറിസം വകുപ്പിന്റെ അനുമതി നേടണം. യുഡിഎഫിന്റെ ഈ പദ്ധതിയെ തൊഴിലാളിയൂണിയനുകള്‍ അനുകൂലിച്ചെങ്കിലും ഇടതുപക്ഷം എതിര്‍ത്തെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

പദ്ധതി നടപ്പാക്കുമ്പോള്‍ പ്രദേശത്തെ ആദിവാസി ആദിവാസിസമൂഹത്തിന്റെ ക്ഷേമംകൂടി പരിഗണിക്കുകയും ഇവര്‍ക്ക് ആവശ്യമായ വീട്, കുടിവെള്ളം, റോഡ്, തൊഴില്‍ തുടങ്ങിയവ ലഭ്യമാക്കുകയും വേണം. യുഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഈ പദ്ധതി ചില തോട്ടങ്ങള്‍ നടപ്പാക്കുകുയും ചെയ്തു. പുതിയ നിര്‍ദേശവും തോട്ടം മേഖലയ്ക്ക് ഉണര്‍വ് നല്‍കുമെന്ന്  പ്രതീക്ഷിക്കുന്നു. അതേസമയം അതീവ ജാഗ്രതയോടെ വേണം ഇതു നടപ്പാക്കാനെന്നും ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചു.