പെഗാസസ് ; ഫ്രഞ്ച് പ്രസിഡന്‍റും 10 പ്രധാനമന്ത്രിമാരുമടക്കം 14 ലോക നേതാക്കളും പട്ടികയില്‍

Jaihind Webdesk
Wednesday, July 21, 2021


പാരിസ് : ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്‌വെയർ ആയ പെഗാസസ് ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തലില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. വിവരങ്ങള്‍ ചോര്‍ത്താനെന്നു കരുതുന്ന പട്ടികയില്‍ 14 ലോക നേതാക്കളുടെ ഫോണ്‍ നമ്പറുകള്‍ കണ്ടെത്തി. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോ, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് സിറില്‍ റാമഫോസ തുടങ്ങിയവരുടെ നമ്പറും പട്ടികയിലുണ്ട്. മക്രോയെ നിരീക്ഷിച്ചത് മൊറോക്കോ ആണെന്നും മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നു.

10 പ്രധാനമന്ത്രിമാരുടെയും നമ്പറുകള്‍ ചോര്‍ത്തി എന്നാണ് റിപ്പോര്‍ട്ട്. 34 രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍, സൈനിക മേധാവികള്‍, മുതിര്‍ന്ന രാഷ്ട്രീയക്കാര്‍ എന്നിവര്‍ നിരീക്ഷണ പട്ടികയിലുണ്ടെന്നാണു വിവരം. പെഗസസ് ഫോൺ ചോർത്തലിനു വിധേയമായ കൂടുതൽ പേരുടെ വിവരങ്ങൾ ഇന്നു പുറത്തുവന്നേക്കും.

ഇന്ത്യയിലെ ചോർത്തലുമായി ബന്ധപ്പെട്ടു പ്രതിഷേധ പരിപാടികൾ ശക്തമാക്കാനാണു പ്രതിപക്ഷ പാർട്ടികളുടെ തിരുമാനം. ബക്രീദ് അവധിക്കു ശേഷം സഭ ചേരുമ്പോൾ വിഷയം വീണ്ടും പ്രതിപക്ഷം ഉന്നയിക്കും. കോൺഗ്രസ് രാജ്യവ്യാപകമായി രാജ്ഭവൻ ഉപരോധത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്. ബിജെപി കർണാടകയിൽ ‘ഓപ്പറേഷൻ താമര’ നടപ്പിലാക്കിയ സമയത്ത് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുടെയും ജനതാദൾ നേതാക്കളുടെയും ഫോണുകൾ ചോർത്തിയെന്ന വിവരവും പുറത്തു വന്നിരുന്നു.