സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം കാസർഗോഡ് പലയിടങ്ങളിലും മുടങ്ങി

കാസർഗോഡ് ജില്ലയിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം പലയിടങ്ങളിലും മുടങ്ങി. വെയർ ഹൗസുകളിൽ ആവശ്യത്തിന് സ്റ്റോക്കുണ്ടെങ്കിലും റേഷൻ കടകളിൽ ലോഡ് എത്താത്തതാണ് രണ്ടു ദിവസമായി റേഷൻ മുടങ്ങാൻ കാരണം. ഇതോടെ പലയിടങ്ങളിലും റേഷൻ കാർഡുടമകൾക്ക് സൗജന്യ റേഷൻ ഇനിയും ലഭിച്ചിട്ടില്ല.

ആളൊഴിഞ്ഞ റേഷൻ കട. അതും ഈ കൊറോണ കാലത്ത്. സൗജന്യ റേഷൻ സംസ്ഥാനത്ത് തകൃതിയായി വിതരണം ചെയ്യുന്ന സമയത്ത്. കാസർഗോഡ് താലൂക്കിലെ ഇരുപതോളം റേഷൻ കടകളിലാണ് ഇത്തരം സ്ഥിതി തുടരുന്നത്. ആളില്ലാത്തതിനാലല്ല ഈ അവസ്ഥ. കഴിഞ്ഞ രണ്ടു ദിവസമായി കടകളിലെ സ്റ്റോക്ക് കഴിഞ്ഞിട്ട്.

ഒരേയിടത്ത് രണ്ട് റേഷൻ കടകളിൽ ഒരിടത്ത് സ്റ്റോക്ക് ഇറക്കുകയും മറ്റൊന്നിനെ അവഗണിക്കുന്ന നിലപാട് ഉദ്യോഗസ്ഥർ കാട്ടുന്നു എന്ന പരാതിയും കടയുടമകൾ മുന്നോട്ട് വെക്കുന്നു.

സൗജന്യ റേഷൻ വാങ്ങാൻ ഇനിയും ആളുകൾ ബാക്കിയുണ്ട്. ആവശ്യത്തിന് സ്റ്റോക്കില്ലാത്തതാണ് ഇവരെ കുഴക്കുന്നത്. അതിനിടെ വെയർഹൗസുകളിലെത്തിയ കയറ്റിറക്ക് തൊഴിലാളികളെ പൊലീസ് തടഞ്ഞതിനാൽ ആണ് ഇന്ന് സ്റ്റോക്ക് എത്തിക്കാൻ ആകാത്തത് എന്ന് ജില്ലാ സപ്ലൈ ഓഫിസർ പറഞ്ഞു. വരും ദിവസങ്ങളിൽ സ്റ്റോക്ക് എത്തിച്ചില്ലെങ്കിൽ സൗജന്യ റേഷൻ പദ്ധതി പടിക്കൽ കലമുടക്കുന്ന അവസ്ഥയാകും ഉണ്ടാക്കുക.

coronaCovid 19Lock DownFree Ration
Comments (0)
Add Comment