രോഷപ്രകടനം നടത്തി തട്ടിപ്പ് മറച്ചു വെയ്ക്കാൻ കഴിയില്ല; മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിക്കും : ബെന്നി ബഹനാൻ

Jaihind News Bureau
Sunday, August 9, 2020

കൊച്ചി: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് വാങ്ങിയ കമ്മീഷൻ ആർക്ക് വേണ്ടിയായിരുന്നു, ഇതിന്‍റെ പങ്ക് പറ്റിയവർ ആരൊക്കെയാണ് എന്നത് കൂടി പുറത്തു വരണമെന്ന് യു ഡി എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി. കേരള സർക്കാരിന്‍റെ പ്രധാനപദ്ധതിയായിരുന്ന ലൈഫ് മിഷൻ പദ്ധതിക്കായി ലഭിച്ച ഇരുപത് കോടിയിൽ നിന്ന് ഒരു കോടി രൂപ സ്വപ്നയുടെയും ശിവശങ്കറിന്‍റെ ചാർട്ടേഡ് അക്കൗണ്ടന്‍റിന്‍റെയും പേരിലുള്ള ലോക്കറിൽ സൂക്ഷിച്ചെന്ന വാർത്ത ഞെട്ടലുളവാക്കുന്നതാണ്. എൻ.ഐ.എ നടത്തുനിന്ന അന്വേഷണവും എൻ ഐ എ കോടതിയിൽ പറഞ്ഞ കാര്യങ്ങളും ഇതുമായി ചേർത്തു വായിക്കുമ്പോൾ ഏറെ ദുരൂഹത ഉയരുന്നുണ്ടെന്ന് യു ഡി എഫ് കൺവീനർ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറുമായി സ്വപ്നയുടെ നിഗൂഢബന്ധം നിലനിൽക്കുന്ന സമയത്താണ് പ്രളയ ദുരിതാശ്വാസ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ദുബായിൽ പോയത്. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് നാല് ദിവസം മുൻപ് ശിവശങ്കരനും സ്വപ്നയും ഒരേ വിമാനത്തിൽ ദുബായിയിൽ പോവുകയും അവിടെ മുൻകൂട്ടി ചർച്ച നടത്തുകയും ചെയ്തതിനെ കുറിച്ചും അന്വേഷണം നടത്തണം. പ്രളയ ദുരിതാശ്വാസത്തിനായി റെഡ് ക്രെസന്‍റ് ഭാരവാഹികൾ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് ലൈഫ് മിഷൻ സി ഇ ഒയായ ജോസുമായി ധാരണാപത്രം ഒപ്പിട്ടത്. പണത്തിന്‍റെ കമ്മീഷൻ ആരെങ്കിലും കൈപ്പറ്റിയെങ്കിൽ മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ല.

പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് പണം നല്‍കാൻ കഴിയാത്തതിനാലാണ് പ്രളയ ബാധിതർക്കായി വടക്കാഞ്ചേരിയിൽ പതിനഞ്ച് കോടിരൂപയുടെ ഫ്‌ളാറ്റ്‌ നിർമിക്കുന്നതിനും അഞ്ച് കോടി രൂപയുടെ ആശുപത്രി നിർമ്മിക്കുന്നതിനും വേണ്ടി റെഡ് ക്രെസന്‍റ് ഒരു സ്വകാര്യ ഏജൻസിക്ക് പണം നൽകിയത്. ഇതിൽ നിന്നാണ് ഒരു കോടി രൂപ സ്വപ്ന സുരേഷ് അടിച്ചുമാറ്റിയത്. ഈ സംഭവങ്ങൾ നടക്കുന്ന സമയത്തെല്ലാം ശിവശങ്കരൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. സർക്കാരിന്‍റെ ഫ്ലാഗ്ഷിപ്പ് പദ്ധതിയുടെ പേരിൽ പിരിച്ച തുകയിൽ നിന്ന് ഒരു കോടി രൂപ കമ്മീഷൻ വാങ്ങിയത് ആർക്ക് വേണ്ടിയായിരുന്നു എന്ന വ്യക്തമാക്കണം.

ഇത്തരം ചോദ്യങ്ങൾ വാർത്താസമ്മേളനത്തിൽ ചോദിക്കുമ്പോൾ വ്യക്തമായ മറുപടി പറയാതെ രോഷാകുലനാകുന്ന മുഖ്യമന്ത്രി ബോധപൂർവം പലതും ഒളിക്കാൻ ശ്രമിക്കുന്നു. സത്യത്തെ മറച്ചുവെയ്ക്കാൻ എത്ര രോഷപ്രകടനം നടത്തിയാലും ജനരോഷത്തിൽ നിന്നും രക്ഷപ്പെടാൻ മുഖ്യമന്ത്രിക്ക് കഴിയില്ല. മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിക്കുക തന്നെ ചെയ്യുമെന്നും ബെന്നി ബഹനാൻ പറഞ്ഞു.