പാർലമെന്‍റിലേക്ക് സ്വന്തം ചിഹ്നമായ ഓട്ടോറിക്ഷയിലെത്തി ഫ്രാന്‍സിസ് ജോർജ്; സാധാരണക്കാർക്കും കർഷകർക്കും വേണ്ടി നിലകൊള്ളുമെന്ന് പ്രതികരണം

 

ന്യൂഡല്‍ഹി: പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് ഓട്ടോറിക്ഷയിലെത്തി ഫ്രാന്‍സിസ് ജോർജ്. കോട്ടയം പാർലമെന്‍റ് മണ്ഡലത്തില്‍ നിന്നുള്ള യുഡിഎഫ് എംപിയാണ് ഫ്രാന്‍സിസ് ജോർജ്. കേരള കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി ഓട്ടോ റിക്ഷാ ചിഹ്നത്തിലായിരുന്നു ഫ്രാന്‍സിസ് ജോർജ് മത്സരിച്ചത്. സാധാരണക്കാരുടെ വാഹനമായ ഓട്ടോ റിക്ഷാ ചിഹ്നത്തില്‍ മത്സരിച്ചാണ് താന്‍ വിജയിച്ചതെന്നും സാധാരണക്കാർക്കും കർഷകർക്കും വേണ്ടി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് യുഡിഎഫിനും ജോസഫ് വിഭാഗത്തിനും ആധികാരിക വിജയമാണ് ലഭിച്ചത്. 87,464 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഫ്രാൻസിസ് ജോർജിന്‍റെ വിജയം. യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് 3,62,348 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന് 2,74,884 വോട്ടുകളേ നേടാനായുള്ളൂ. എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി 1,63,605 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തായി.

കേരളകോണ്‍ഗ്രസുകള്‍ തമ്മിലുള്ള മത്സരം കാരണം ശ്രദ്ധേയമായിരുന്നു കോട്ടയം മണ്ഡലം. 44 വർഷത്തിനുശേഷമാണു ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസുകൾ നേർക്കുനേർ ഏറ്റുമുട്ടിയതെന്ന പ്രത്യേകതയുമുണ്ടായിരുന്നു. 1980-ലെ തിരഞ്ഞെടുപ്പിലാണ് മുമ്പ് കേരള കോൺഗ്രസ് മാണി വിഭാഗവും ജോസഫ് വിഭാഗവും ഏറ്റവുമൊടുവിൽ പരസ്പരം മത്സരിച്ചത്. അന്നും മാണി വിഭാഗം എല്‍ഡിഎഫിലും ജോസഫ് വിഭാഗം യുഡിഎഫിനൊപ്പവുമായിരുന്നു. ജോസഫ് വിഭാഗത്തിനൊപ്പമായിരുന്നു അന്നും വിജയം.

Comments (0)
Add Comment