‘നീതിയുടെ നിലവിളി’: ഫാ. സ്റ്റാന്‍ സ്വാമിക്ക് നീതിനിഷേധിച്ചതിനെതിരെ വെള്ളിയാഴ്ച കോണ്‍ഗ്രസ് പ്രതിഷേധം

Jaihind Webdesk
Wednesday, July 7, 2021

ആദിവാസികള്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ഫാ. സ്റ്റാന്‍ സ്വാമിയെ അകാരണമായി ജയിലിലടച്ച ഭരണകൂട ഭീകരതക്കെതിരേ കെപിസിസിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 9 ന് വെള്ളിയാഴ്ച ദീപം തെളിയിച്ച് പ്രതിഷേധിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എം.പി അറിയിച്ചു.

‘നീതിയുടെ നിലവിളി’ എന്ന പരിപാടി വൈകുന്നേരം 5 മണിക്ക് 280 കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികളില്‍ നടത്തും. ഫാ. സ്റ്റാന്‍ സ്വാമിയുടെ ചിത്രത്തിനു മുന്നില്‍ ദീപം തെളിയിക്കും. പൂര്‍ണമായും കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും പരിപാടി നടത്തുന്നത്.

അധഃസ്ഥിതരുടെ ഇടയില്‍ അരനൂറ്റാണ്ടിലധികം പ്രവര്‍ത്തിച്ച ഫാ. സ്റ്റാന്‍ സ്വാമിയെ 84-ാം വയസില്‍ യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി ജയിലിലടച്ചത് കടുത്ത നീതിനിഷേധവും നഗ്നമായ മനുഷ്യാവകാശ ലംഘനവുമാണെന്ന് കെപിസിസി പ്രസിഡന്‍റ് ചൂണ്ടിക്കാട്ടി. പാര്‍ക്കിന്‍സണ്‍സ് ഉള്‍പ്പെടെയുള്ള രോഗങ്ങളുള്ള അദ്ദേഹത്തിന് പ്രാഥമിക ചികിത്സ പോലും നിഷേധിച്ചിരുന്നു. 8 മാസം ജയിലില്‍ നരകയാതന അനുഭവിച്ച അദ്ദേഹം ഭരണകൂട ഭീകരതയുടെ ഇരയാണ് മരണത്തിന് കീഴടങ്ങിയത്. തന്‍റെ രോഗം പ്രതിദിനം ക്ഷയിക്കുകയാണെന്നും മരണം വൈകാതെ സംഭവിക്കുമെന്നുമുള്ള അദ്ദേഹത്തിന്‍റെ മുന്നറിയിപ്പുപോലും അധികൃതര്‍ ഗൗനിച്ചില്ലെന്നും അതാണ് മരണത്തിലേക്കു നയിച്ചതെന്നും വിദഗ്ധര്‍ പറയുന്നു.

രാജ്യത്തിനകത്തും പുറത്തുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും മനുഷ്യസ്‌നേഹികളുടെയും നീതിക്കുവേണ്ടിയുള്ള നിലവിളിയെ മോദി ഭരണകൂടം നിര്‍ദയം അവഗണിക്കുകയാണ് ചെയ്തതെന്ന് കെ സുധാകരന്‍ എം.പി വ്യക്തമാക്കി.