ന്യൂഡല്‍ഹി : ഭീമ കൊറേഗാവ് കേസില്‍ തടവില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ മാനുഷിക പരിഗണന വെച്ച് ജയില്‍ മോചിതനാക്കണമെന്ന് ശശി തരൂര്‍ എംപി. ഇതിന് കഴിയില്ലെങ്കില്‍ അദ്ദേഹത്തിന് ചികിത്സയെങ്കിലും നല്‍കണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു. ഫാ. സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നും അദ്ദേഹത്തെ കൊവിഡ് ടെസ്റ്റിന് വിധേയനാക്കുന്നില്ലെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ്ശശി തരൂരിന്‍റെ പ്രതികരണം.
‘മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ ഫാ. സ്റ്റാന്‍ സ്വാമിയെ ജയില്‍മോചിതനാക്കിയേ തീരൂ. അദ്ദേഹത്തിന് അതിനുള്ള എല്ലാ അവകാശവുമുണ്ട്. ഇനി അങ്ങനെ ജയില്‍ മോചിതനാക്കാന്‍ സാധിക്കില്ല എന്നാണെങ്കില്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കണം, മനുഷ്യനെ പോലെ പരിഗണിക്കുകയെങ്കിലും വേണം.
ഒരു നിരപരാധിയെ തടവില്‍ വെക്കുന്നത് തന്നെ ഏറ്റവും മോശമായ കാര്യമാണ്. അതും പോരാതെ, ആ തടവിലെ അവസ്ഥ തന്നെ ഒരു ശിക്ഷാരീതിയായി മാറുന്ന തരത്തിലാകുന്നത് അംഗീകരിക്കാനാവില്ല’ – ശശി തരൂര്‍ ട്വീറ്റ് ചെയ്തു.