ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പിനിടെ ബംഗാളിലെ അസന്‍സോളില്‍ സംഘര്‍ഷം. ബി.ജെ.പി-തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘർഷമുണ്ടായത്. പല സ്ഥലങ്ങളിലും വോട്ടിംഗ് യന്ത്രത്തിന്റെ ക്രമക്കേട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഒഡീഷയിലും മഹാരാഷ്ട്രയിലും വോട്ടിംഗ് യന്ത്രത്തിന് തകരാറുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. താരതമ്യേന മികച്ച പോളിംഗാണ് കാണാനാകുന്നത്. 9 സംസ്ഥാനങ്ങളിലെ 72 മണ്ഡലങ്ങളാണ് നാലാം ഘട്ടത്തില്‍ വിധിയെഴുതുന്നത്.
ബംഗാളിലെ അസന്‍സോളില്‍ ബി.ജെ.പി-തൃണമൂല്‍ സംഘര്‍ഷത്തിനിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ബാബുല്‍ സുപ്രിയോയുടെ വാഹനം അടിച്ചുതകര്‍ത്തു. കൃഷ്ണനഗറില്‍ പോളിംഗ് ബൂത്തിന് സമീപത്തുനിന്ന് ബോംബ് കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. സുരക്ഷയ്ക്ക് കേന്ദ്രസേന എത്താത്തതില്‍ വോട്ടര്‍മാര്‍ പ്രതിഷേധിച്ചതോടെ അസന്‍സോളിലെ രണ്ട് ബൂത്തുകളില്‍ വോട്ടെടുപ്പ് നിര്‍ത്തിവെച്ചു.
ജമ്മു-കശ്മീരിലെ അനന്ത്നാഗ് ലോക്സഭാ മണ്ഡലത്തില്‍ ചില ബൂത്തുകള്‍ക്ക് സമീപം കല്ലേറുണ്ടായി. സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിലൂടെ നിലവില്‍ സ്ഥിതിഗതികള്‍ സമാധാനപരമാണ്. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. സുരക്ഷാ കാരണങ്ങളാല്‍ മൂന്ന് ഘട്ടങ്ങളിലായാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്. അഞ്ചാം ഘട്ടത്തിലും അനന്ത്നാഗ് ലോക്സഭാ മണ്ഡലം വോട്ടെടുപ്പില്‍ പങ്കെടുക്കും. ഇതോടെ ഇവിടുത്തെ വോട്ടെടുപ്പ് പൂര്‍ണമാകും. മെയ് 6 നാണ് അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ്.