‘രാജ്യത്തെ നിയന്ത്രിക്കുന്നത് നാലുപേര്‍’ – കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശവുമായി ലോക്സഭയില്‍ രാഹുല്‍ ഗാന്ധി

Jaihind News Bureau
Thursday, February 11, 2021

കാര്‍ഷിക നിയമങ്ങളില്‍ മോദി സര്‍ക്കാരിനെതിരെ ലോകസഭയില്‍ രൂക്ഷ വിമര്‍ശമുന്നയിച്ച് രാഹുല്‍ ഗാന്ധി. നാല് പേരാണ് രാജ്യത്തെ നിയന്ത്രിക്കുന്നതെന്നും ആരുടേയും പേര് പരാമര്‍ശിക്കാതെ അദ്ദേഹം പറഞ്ഞു.

ബജറ്റ് ചര്‍ച്ചയ്ക്കിടയില്‍ ലോക്സഭയില്‍ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ ഉന്നയിച്ച അദ്ദേഹം ‘ഹം ദോ ഹമാരെ ദോ’ എന്ന മുദ്രാവാക്യം സഭയില്‍ ഉദ്ധരിക്കുകയും ചെയ്തു.

മൂന്ന്​ കാർഷിക നിയമങ്ങളും കർഷകരെ ദുരിതത്തിലാക്കുമെന്ന്​ വിശദീകരിച്ച അദ്ദേഹം നിയമങ്ങളുടെ ഭവിഷ്യത്തുകൾ വിവരിച്ചു.

കേന്ദ്രസർക്കാറിന്‍റെ ആദ്യ കാർഷിക നിയമം രാജ്യത്തെ കാർഷിക വിളകളുടെ വിൽപനക്കും വാങ്ങലിനും അതിർത്തി നിർണയിക്കും. ഇതോടെ മണ്ഡികൾ (ചെറുചന്തകൾ) ഇല്ലാതാകും.

രണ്ടാമത്തെ നിയമം കോർപറേറ്റുകളെ സഹായിക്കുന്നതാണ്​. ഇതിലൂടെ അവർക്കാവശ്യമായ ഉൽപന്നങ്ങൾ അളവില്ലാതെ സൂക്ഷിക്കാൻ അവസരം നൽകും.

മൂന്നാമത്തെ കാർഷിക നിയമം കർഷകരുടെ വിളകൾക്ക്​ മാന്യമായ വില ആവശ്യപ്പെടുന്നതിൽനിന്ന്​ കോടതിമൂലം തടയുന്നതാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

പുതിയ കാര്‍ഷിക നിയമങ്ങള്‍ വ്യവസായികള്‍ക്ക് പരിധിയില്ലാത്ത ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാനും പൂഴ്ത്തിവയ്ക്കാനും അനുവദിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഈ പ്രക്ഷോഭം കർഷകരുടേതല്ല, മറിച്ച് രാജ്യത്തിന്‍റേതാണ്. കർഷകർ വഴി കാണിക്കുക മാത്രമാണ് ചെയ്യുന്നത്. പുതിയ കാർഷിക നിയമങ്ങൾ കേന്ദ്ര സർക്കാരിന് റദ്ദാക്കേണ്ടി വരും. പുതിയ നിയമം വ്യവസായികൾക്ക് പരിധിയില്ലാതെ ഭക്ഷ്യ ധാന്യങ്ങൾ വാങ്ങുന്നതിനും പൂഴ്ത്തിവെയ്ക്കുന്നതിനും ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാഹുലിന്‍റെ പ്രസംഗം തടസ്സപ്പെടുത്താൻ കടുത്ത ശ്രമമാണ് ഭരണപക്ഷത്തിന്‍റെ ഭാഗത്തു നിന്നും ഉണ്ടായത്.

ഭരണപക്ഷ ബഹളത്തില്‍ പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധി ഇറങ്ങിപ്പോയി.