ഖേല്‍രത്‌ന പുരസ്‌കാരങ്ങളില്‍ ഈ വര്‍ഷം നാല് പേര്‍; മലയാളത്തിന്‍റെ അഭിമാനമായി സജന്‍ പ്രകാശ്

Thursday, January 2, 2025

ഡല്‍ഹി: കഴിഞ്ഞ വര്‍ഷത്തെ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം നാല് താരങ്ങള്‍ക്ക് ലഭിച്ചു. ഇന്ത്യയുടെ ഒളിമ്പിക്‌സ് ഷൂട്ടിംഗ് താരം മനു ഭാക്കര്‍, ചെസ് പ്രതിഭ ഡി ഗുകേഷ്, പുരുഷ ഹോക്കി ടീമിന്‍റെ നായകന്‍ ഹര്‍മന്‍പ്രീത് സിംഗ്, പാരാലിംപിക് സ്വര്‍ണമെഡലിസ്റ്റ് പ്രവീണ്‍ കുമാര്‍ എന്നിവര്‍ക്കാണ് ബഹുമതി ലഭിച്ചത്.

മനുവിന്‍റെ അപൂർവ നേട്ടങ്ങളായ 10 മീറ്റര്‍ എയര്‍ പിസ്റ്റളിൽ ഒളിംപിക്സ് വെങ്കലവും, ഹര്‍മന്‍പ്രീത് നേതൃത്വത്തിലുള്ള ഹോക്കി ടീമിന്‍റെ വെങ്കല മെഡലും പുരസ്കാരത്തിനുള്ള വഴിയൊരുക്കി. ഗുകേഷിന്‍റെ ചെസിലെ ലോക ചാമ്പ്യന്‍ നേട്ടവും, പാരാലിമ്പിക്സ് ഹൈജമ്പിൽ പ്രവീണ്‍ കുമാറിന്റെ സ്വർണമെഡലും ഏറെ ശ്രദ്ധ നേടിയിരുന്നു. സ്വതന്ത്ര ഇന്ത്യയില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ വനിതാ കായികതാരവും കൂടിയാണ് മനു.

അർജുന പുരസ്കാരത്തിൽ മലയാളികളുടെ അഭിമാനമായ  നീന്തല്‍ താരം സജന്‍ പ്രകാശിന് അർജുന പുരസ്കാരം ലഭിച്ചു. കൂടാതെ, മലയാളി ബാഡ്മിന്‍റണ്‍ പരിശീലകൻ എസ്. മുരളീധരന് ദ്രോണാചാര്യ പുരസ്കാരം ലഭിച്ചു. 17 പാരാലിംപിക് താരങ്ങളുള്‍പ്പെടെ 32 പേർക്ക് അർജുന പുരസ്കാരം നല്‍കും.