പുൽവാമയിൽ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടൽ; നാലു സൈനികർക്ക് വീരമൃത്യു

Jaihind Webdesk
Monday, February 18, 2019

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ നാലു സൈനികര്‍ക്ക് വീരമൃത്യു.  പിംഗ്‌ലാന്‍ മേഖലയില്‍ അര്‍ധരാത്രിയോടെയാണ് ഏറ്റുട്ടല്‍ ആരംഭിച്ചത്.

മൂന്നു ഭീകരവാദികളെ സുരക്ഷാസേന വളഞ്ഞെന്നാണ് സൂചന. ഇവര്‍ക്ക് പുല്‍വാമയില്‍ സി ആര്‍പി എഫ് വാഹനവ്യൂഹത്തിനു നേരെ ചാവേര്‍ ആക്രമണം നടത്തിയ ആദില്‍ അഹമ്മദ് ദറുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

നാലുദിവസം മുമ്പാണ് പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ ചാവേര്‍ ആക്രമണമുണ്ടായത്. വ്യാഴാഴ്ചയുണ്ടായ ആക്രമണത്തില്‍ ഔദ്യോഗിക കണക്കുപ്രകാരം 40 ജവാന്മാര്‍ വീരമൃത്യു വരിച്ചിരുന്നു. ജെയ്‌ഷെ മുഹമ്മദ് ഭീകരനാണ് വാഹനവ്യൂഹത്തിലേയ്ക്ക് എത്തിയ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. സംഭവത്തില്‍ പാകിസ്ഥാൻ കരസേനയുടെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകൾ പുറത്ത്.  പാക് സൈനിക ആശുപത്രിയിൽ ചികിൽസയിൽ കഴിയുമ്പോഴാണ് അസ്ഹർ ചാവേര്‍ ആക്രമണത്തിന്‍റെ ആസൂത്രണം ചെയ്തതെന്നതും ആക്രമണത്തിനുള്ള അന്തിമ നിർദേശം പോയത് ഈ ആശുപത്രിയിൽനിന്നാണെന്നതും ശ്രദ്ധേയമായ തെളിവാണ്. ആക്രമണ ആഹ്വാനവുമായുള്ള മസൂദിന്‍റെ ശബ്ദം കശ്മീരിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മാത്രമല്ല റാവൽപിണ്ടിയിൽ പാക് സേനാ ആസ്ഥാനത്തിനു സമീപമാണ് അസ്ഹറിന്‍റെ താവളം. കശ്മീരിൽ വൻതോതിൽ ചാവേറാക്രമണങ്ങൾ നടക്കുമെന്ന് ഒക്ടോബറിൽ പാകിസ്ഥാനിലെ ലഫ്റ്റനന്‍റ് ജനറൽ (റിട്ട) അംജദ് ഷുഐബ് നടത്തിയ പരാമർശവും ഇതോടൊപ്പം തന്നെ ചേര്‍ത്തുവായിക്കാവുന്നതാണ്.

അതേസമയം, ഭീകരർക്കായി കശ്മീരിൽ വ്യാപക തിരച്ചിൽ ആരംഭിച്ച സൈന്യവും ജമ്മു-കശ്മീർ പൊലീസും ജെയ്ഷ് അനുകൂലികളായ 23 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

മാത്രമല്ല, കശ്മീരിലെ വിഘടനവാദി നേതാക്കൾക്കുള്ള സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചു. പാക് ധനസഹായം ലഭിക്കുന്നവർക്കുള്ള സുരക്ഷ റദ്ദാക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ പാക് അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി മിർവായ്സ് ഉമർ ഫാറൂഖ്, അബ്ദുൽ ഗനി ഭട്ട്, ബിലാൽ ലോൺ, ഹാഷിം ഖുറേഷി, ഫസൽ ഹഖ് ഖുറേഷി, ഷബീർ ഷാ എന്നിവർക്കുള്ള സുരക്ഷയാണു പിൻവലിച്ചത്.[yop_poll id=2]