പ്രളയ ബാധിത പഞ്ചായത്തുകളുടെ പട്ടിക സർക്കാർ പ്രഖ്യാപിച്ചതിൽ ഗുരുതരവീഴ്ച

Jaihind Webdesk
Tuesday, August 28, 2018

വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിച്ച പഞ്ചായത്തുകളുടെ പട്ടിക സർക്കാർ പ്രഖ്യാപിച്ചതിൽ ഗുരുതരവീഴ്ച. പ്രളയം ബാധിച്ച ജില്ലകളിലെ ഭൂരിഭാഗം പഞ്ചായത്തുകളേയും ലിസ്‌ററിൽ ഉൾപ്പെടുത്തിയിട്ടില്ല. കണ്ണൂർ, കാസർക്കോഡ് ജില്ലകളിൽ ഒരു പഞ്ചായത്തിലും വെള്ളപ്പൊക്കം ബാധിച്ചിട്ടില്ല എന്നാണ് പഞ്ചായത്ത് വകുപ്പിന്റെ പട്ടിക വ്യക്തമാക്കുന്നത്. ദുരിതാശ്വാസം വിതരണം ചെയ്യുന്നതിൽ പഞ്ചായത്ത് തിരിച്ച് പട്ടിക തയ്യാറാക്കുന്നതിൽ മന്ത്രിസഭയിലും അഭിപ്രായ ഭിന്നതയുണ്ടെന്നാണ് അറിയുന്നത്.

വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിച്ച ഗ്രാമപഞ്ചായത്തുകൾ എന്ന തലക്കെട്ടോടെ പഞ്ചായത്ത് വകുപ്പ് ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ദീകരിച്ച വിവിധ ജില്ലകളുടെ പട്ടികയാണിത്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് എന്നിങ്ങനെ പത്ത് ജില്ലകളിലായി 259 പഞ്ചായത്തുകളിൽ മാത്രമാണ് വെളളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിച്ചതെന്ന് സർക്കാർ വ്യക്തമാക്കുന്നു. സർക്കാർ പട്ടിക പ്രകാരം മലപ്പുറത്ത് 5ഉം വയനാട് 6ഉം പഞ്ചായത്തുകളിൽ മാത്രമാണ് വെള്ളപ്പൊക്കം കൂടുതൽ ബാധിച്ചിട്ടുള്ളത്.

എന്നാൽ മലപ്പുറത്ത് 81 ഗ്രാമപഞ്ചായത്തുകളെ വെള്ളപ്പൊക്കം ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ് ജില്ലാഭരണകൂടത്തിന്റെ കണക്ക്. വയനാട് മാനന്തവാടി, ബത്തേരി, വൈത്തിരി താലൂക്കുകളിലായി ഇരുപതിലധികം പഞ്ചായത്തുകളെ പ്രളയം ഗുരുതരമായി ബാധിച്ചപ്പോൾ, സർക്കാർ കണക്കിൽ അത് 6 പഞ്ചായത്തായി ചുരുങ്ങി. കണ്ണൂരിൽ വെള്ളപ്പൊക്കം ബാധിച്ചിട്ടില്ല എന്നാണ് സർക്കാർ കണക്ക് വ്യക്തമാക്കുന്നത്.

എന്നാൽ ഉരുൾപൊട്ടലിൽ കനത്ത നാശനഷ്ടമുണ്ടായ അമ്പായത്തോട് ഉൾപ്പെടുന്ന കൊട്ടിയൂർ ഗ്രാമപഞ്ചായത്തുപോലും വെള്ളപ്പൊക്കം ബാധിച്ചതായി സർക്കാർ കണക്കിൽപ്പെടുന്നില്ല. കാലവർഷക്കെടുതിയിൽ 17 പഞ്ചായത്തുകളിൽ വെള്ളപ്പൊക്കകെടുതി ഉണ്ടായി എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്ക്. കാസർക്കോട് 39 പഞ്ചായത്തിൽ വ്യാപകമായി കൃഷിനാശമുണ്ടായതായി ജില്ലാ ഭരണകൂടം കണക്ക് നിരത്തി പറയുമ്പോൾ, പഞ്ചായത്ത് വകുപ്പിന്റെ പട്ടികയിൽ ഒരുപഞ്ചായത്തുപോലും ഉൾപ്പെട്ടിട്ടില്ല എന്നത് കൗതുകകരമാണ്.

ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലും വെള്ളപ്പൊക്കം ബാധിച്ച പഞ്ചായത്തുകളുടെ എണ്ണം സർക്കാർ പ്രഖ്യാപിച്ചതിലും അധികമാണ്. എന്നാൽ പഞ്ചായത്ത് തിരിച്ച് വെള്ളപ്പൊക്കം ബാധിച്ചവരുടെ ലിസ്റ്റ് തയ്യാറാക്കിയതിൽ മന്ത്രിസഭയിൽ അഭിപ്രായ ഭിന്നതയുണ്ടെന്നറിയുന്നു. പഞ്ചായത്ത് തിരിച്ച് ലിസ്റ്റ് തയ്യാറാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മുൻ പഞ്ചായത്ത് വകുപ്പ് മന്ത്രി കെടി ജലീൽ പറയുമ്പോൾ, പുതിയ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് പട്ടിക തയ്യാറാക്കിയതെന്നാണ് വകുപ്പ് മേധാവികൾ നൽകുന്ന വിശദീകരണം.  ഏതായാലും, പഞ്ചായത്ത് വകുപ്പ് പ്രഖ്യാപിച്ച പട്ടിക പ്രകാരം സർക്കാർ ദുരിതാശ്വാസ സഹായം വിതരണം ചെയ്യുകയാണെങ്കിൽ ലക്ഷക്കണക്കിനാളുകൾക്ക് ആനുകൂല്യം നഷ്ടപ്പെടുമെന്നുറപ്പാണ്.