ന്യൂഡൽഹി: ഹരിയാനയില്‍ നിന്നുള്ള മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ചൗധരി ബീരേന്ദർ സിംഗും ഭാര്യയും രാജി വെച്ച് കോൺഗ്രസിൽ ചേർന്നു. ഹരിയാനയിൽ നിന്നുള്ള നൂറുകണക്കിന് പ്രവർത്തകരും ഇവർക്കൊപ്പം കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. മകൻ ബ്രിജേന്ദ്രസിംഗ് കഴിഞ്ഞ മാസം കോൺഗ്രസിൽ ചേർന്നിരുന്നു. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ എഐസിസി ജനറൽ സെക്രട്ടറിമാരായ രൺദീപ് സുർജെവാല, മുകുൾ വാസ്‌നിക്, ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ ഉൾപ്പെടെയുള്ള നേതാക്കൾ ഇവരെ കോൺഗ്രസിലേക്ക് സ്വീകരിച്ചു.
ബിജെപിയുടെ ജനദ്രോഹനയങ്ങളിൽ പ്രതിഷേധിച്ചാണ് തങ്ങൾ രാജി വെക്കുന്നതെന്ന് ബിരേന്ദർ സിംഗ് പറഞ്ഞു. വിവിധ വിഷയങ്ങളിൽ ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും നിലപാടുകളോട് തങ്ങൾക്ക് വിയോജിപ്പുണ്ടായിരുന്നു. കർഷകസമരം, ഗുസ്തി താരങ്ങളുടെ പ്രതിഷേധം, അഗ്നിവീർ പദ്ധതി തുടങ്ങിയ വിഷയങ്ങളിലെ കേന്ദ്രസർക്കാർ നിലപാടുകൾ അംഗീകരിക്കാനാവില്ല. കോൺഗ്രസിലേക്കുള്ള തന്‍റെ മടങ്ങിവരവ് ഘർ വാപസി മാത്രമല്ല, മറിച്ച് വിചാർ വാപസി കൂടി ആണെന്നും ബിരേന്ദർ സിംഗ് പറഞ്ഞു. ബിജെപിയുടെ സിറ്റിംഗ് എംപിയായിരുന്ന മകൻ ബ്രിജേന്ദ്രസിംഗ് കഴിഞ്ഞ മാസമാണ് കോൺഗ്രസിൽ ചേർന്നത്.
അതേസമയം ബീരേന്ദർ സിംഗിന്‍റെ തിരിച്ചുവരവ് ഹരിയാനയിൽ കോൺഗ്രസിന് കൂടുതൽ കരുത്തേകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് പ്രതികരിച്ചു. ഐക്യത്തോടെ ഒരുമിച്ചുനിന്ന് സംസ്ഥാനത്ത് കൂടുതൽ കരുത്താർജിച്ചാൽ മാത്രമേ ഭരണഘടനയേയും ജനാധിപത്യത്തെയും സംരക്ഷിക്കാനാകൂവെന്ന് ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയും വ്യക്തമാക്കി. രൺദീപ് സുർജേവാല, കുമാരി സെൽജ, ഹരിയാന പിസിസി പ്രസിഡന്റ് ഉദയ് ഭാൻ, കിരൺ ചൗധരി, പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രി രജീന്ദർ കുമാർ ഭട്ടാൽ, ഒബിസി സെൽ മേധാവി അജസ് സിംഗ് തുടങ്ങിയ നേതാക്കളും ഡൽഹിയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.