മുന്‍ മന്ത്രി കെ ശങ്കരനാരായണ പിള്ള അന്തരിച്ചു

Jaihind Webdesk
Tuesday, July 20, 2021

 

തിരുവനന്തപുരം : മുന്‍ ഗതാഗതമന്ത്രി കെ ശങ്കരനാരായണ പിള്ള അന്തരിച്ചു. 78 വയസായിരുന്നു. തിങ്കളാഴ്ച രാത്രി 11.30ന് നെടുമങ്ങാട് പഴവടിയിലെ വീട്ടില്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടന്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്കാരം വൈകിട്ട് അഞ്ച് മണിക്ക് നെടുമങ്ങാട് ശ്മശാനത്തിൽ.

നായനാർ മന്ത്രിസഭയിൽ ഗതാഗതമന്ത്രിയായിരുന്നു. പഴയ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍ കുമ്മനം രാജശേഖരനെ തോല്‍പിച്ചാണ് എംഎല്‍എ ആയത്. കോൺഗ്രസ് പ്രവർത്തകനായാണ് ശങ്കരനാരായണ പിള്ള രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. കോൺഗ്രസിന്‍റെ വിദ്യാർത്ഥി വിഭാഗമായ കെ‌എസ്‌യുവിന്‍റെ ആദ്യ ജില്ലാ പ്രസിഡന്‍റായിരുന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്‍റ് എന്ന ബഹുമതിയും അദ്ദേഹം നേടി. കെപിസിസി സെക്രട്ടറിയായും  പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് കോണ്‍ഗ്രസ് എസിലേക്ക് ചേക്കേറിയ അദ്ദേഹം പിന്നീട് കേരള വികാസ് പാർട്ടി ഉണ്ടാക്കി. കുറച്ചുനാളായി രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല.