പ്രണബ് ദാ വിടവാങ്ങി… ഒരു യുഗത്തിന്‍റെ അന്ത്യം

Jaihind News Bureau
Monday, August 31, 2020

ന്യൂഡല്‍ഹി : പ്രണബ് മുഖർജിയുടെ വിടവാങ്ങല്‍ ഒരു യുഗത്തിന്‍റെ കൂടി അന്ത്യമാണ്. സമാനതകളില്ലാത്ത നേതാവായിരുന്നു ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതി പദം അലങ്കരിച്ച പ്രണബ് മുഖർജി. 1935 ഡിസംബർ 11 ന് പശ്ചിമ ബംഗാളിൽ ജനനം. പിതാവ് സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു. കൽക്കട്ടയിലായിരുന്നു പഠനം. വംഗരാഷ്ട്രീയത്തില്‍ ഒരു സാധാരണ കോണ്‍ഗ്രസ് പ്രവർത്തകനായി ജീവിതം ആരംഭിച്ച്, ഇന്ത്യയുടെ അധികാര പർവത്തില്‍ എത്തിച്ചേർന്ന ഈ സൗമ്യനായ മനുഷ്യന് വിശേഷണങ്ങള്‍ അനവധിയുണ്ട്. സ്കൂള്‍ അധ്യാപകനായി പ്രൊഫഷണല്‍ ജീവിതം ആരംഭിച്ചെങ്കിലും സ്വാതന്ത്ര്യ സമരവും കോണ്‍ഗ്രസുമായിരുന്നു ആ ഹൃദയത്തില്‍ അലയടിച്ചുയർന്നിരുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ വികാരമായി മാറാന്‍ പ്രണബ് ദായുടെ പൊതുപ്രവർത്തനത്തിന് കഴിഞ്ഞു. ഇതുകൊണ്ടുതന്നെയാണ് കാലവും ചരിത്രവും പാഠമായി പ്രണബ് മുഖർജിയെ സ്മരിക്കുന്നത്.

ബംഗാള്‍ കോണ്‍ഗ്രസിനപ്പുറത്ത് ഇന്ത്യയുടെ കോണ്‍ഗ്രസ് ധാരയോട് ഇഴുകിച്ചേരുകയായിരുന്നു പ്രണബ് മുഖർജി. സംഘടനാപരമായും ഭരണപരവുമായുള്ള പരിഷ്കാരങ്ങള്‍  അദ്ദേഹം നടപ്പാക്കി. ഇന്ത്യയുടെ മുന്നോട്ടുള്ള വളർച്ചയ്ക്ക് ഇവ വലിയ ഘടകങ്ങളായിരുന്നു. രാഷ്ട്രീയ നൈപുണ്യവും ഭരണാധിപന്‍ എന്ന നിലയ്ക്കുള്ള തന്ത്രജ്ഞതയും പ്രണബ് മുഖർജിയെ മറ്റുള്ള രാഷ്ട്രീയക്കാരില്‍ നിന്നും വ്യത്യസ്തനാക്കി. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രശ്നങ്ങളുടെ കാർമേഘങ്ങള്‍ ഉരുണ്ടുകൂടുമ്പോഴൊക്കെ അനുനയത്തിന്‍റെയും സഹകരണത്തിന്‍റെയും പാതയിലൂടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കാന്‍ പ്രണബ് ദായ്ക്ക് കഴിഞ്ഞു. കാലത്തിന്‍റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പാർട്ടിയുടെ നയപരമായ വ്യതിയാനങ്ങള്‍ക്കും, നാളെയുടെ രാഷ്ട്രീയത്തിന് നല്ല തുടക്കം കുറിക്കാനും ഈ വംഗനാട്ടുകാരന് കഴിഞ്ഞു. ചരിത്രം ഇത് എന്നും ഓർമ്മിപ്പിക്കുന്ന വസ്തുതയാണ്.

1969 ൽ ആദ്യമായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് തുടർച്ചയായി 4 തവണ കൂടി രാജ്യസഭയിലെത്തി.
2004ൽ ലോക്സഭാംഗമായി. 2012 വരെ ലോക്സഭാഗമായി തുടർന്നു. 1982 ൽ ഇന്ദിരാ ഗാന്ധി മന്ത്രിസഭയിലാണ് പ്രണബ് ആദ്യമായി ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നത്. 1982-1983 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് പാർലമെന്‍റിൽ അവതരിപ്പിച്ചത് പ്രണബ് ആയിരുന്നു. ഇന്ത്യയുടെ സമ്പദ്ഘടനയെ മെച്ചപ്പെടുത്താനുള്ള പ്രണബിന്‍റെ ശ്രമങ്ങൾ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്താരാഷ്ട്ര നാണ്യനിധിയിൽ നിന്നുമെടുത്തിരുന്ന വായ്പാ തുക ഇന്ത്യ തിരിച്ചടച്ചതും ഇദ്ദേഹം ധനകാര്യവകുപ്പ് കയ്യാളിയിരുന്ന കാലത്താണ്. ഡോ. മൻമോഹൻ സിംഗിനെ ഭാരതീയ റിസർവ് ബാങ്കിന്‍റെ ഗവർണറായി നിയമിക്കുന്നത് പ്രണബ് ധനകാര്യമന്ത്രിയായിരിക്കുന്ന കാലത്താണ്. കേന്ദ്രമന്ത്രിസഭയിൽ പ്രണബ് മുഖർജി മൂന്ന് തവണ വിവിധ കാലയളവിൽ വാണിജ്യകാര്യ വകുപ്പ് മന്ത്രിയായിരുന്നിട്ടുണ്ട്. 1980-1982 ലും, 1984 ലും ഇന്ദിരാ ഗാന്ധിയോടൊപ്പമായിരുന്നു. പിന്നീട് 1990 കളിൽ ആയിരുന്നു പ്രണബിന്‍റെ മൂന്നാമൂഴം. അവസാന വട്ടം മന്ത്രിയായിരുന്നപ്പോള്‍ വേൾഡ് ട്രേഡ് ഓർഗനൈസേഷനുവേണ്ടി ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തിയിരുന്നു.

1995 ലാണ് പ്രണബ് മുഖർജി ഇന്ത്യയുടെ വിദേശ കാര്യവകുപ്പിന്‍റെ ചുമതലയേൽക്കുന്നത്. ആസിയാൻ സംഘടനയിൽ ഇന്ത്യ വ്യക്തമായ നിലപാടുകളുമായി സ്ഥാനമുറപ്പിച്ചത് പ്രണബ് വിദേശ കാര്യമന്ത്രിയായിരിക്കുന്ന സമയത്താണ്. പ്രധാനമന്ത്രിയായിരുന്ന പി.വി നരസിംഹറാവുവിന്‍റെ ഒരു ദീർഘവീക്ഷണത്തിന്‍റെ ഫലം കൂടിയായിരുന്നു ഇത്. 1996 വരെ മുഖ‍ർജി ഈ സ്ഥാനം വഹിച്ചിരുന്നു. 2006 ൽ ഡോ. മൻമോഹൻ സിംഗിന് കീഴിലാണ് പ്രണബ് രണ്ടാംവട്ടം വിദേശ കാര്യവകുപ്പിന്‍റെ ചുമതലയേൽക്കുന്നത്. യു.എസ് – ഇന്ത്യ സിവിൽ ന്യൂക്ലിയാർ എഗ്രിമെന്‍റിൽ ഇന്ത്യക്കുവേണ്ടി ഒപ്പുവെച്ചത് പ്രണബ് മുഖ‍ർജിയായിരുന്നു. 2008 ൽ മുംബൈയിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ ഇന്ത്യക്കനുകൂലമായും, പാകിസ്ഥാനെതിരേയും ലോകരാഷ്ട്രങ്ങളുടെ പിന്തുണ നേടിയെടുക്കുന്നതിൽ പ്രണബ് മുഖർജി പ്രധാന പങ്ക് വഹിച്ചു.

2004 ൽ മൻമോഹൻ സിംഗ് മന്ത്രിസഭ അധികാരത്തിൽ വന്നപ്പോഴാണ് പ്രണബിന് പ്രതിരോധ വകുപ്പ് മന്ത്രി പദം ലഭിക്കുന്നത്. 2006 വരെ ആ പദവിയിൽ അദ്ദേഹം തുടർന്നു. അമേരിക്കയുമായുള്ള നയതന്ത്രബന്ധം ഊഷ്മളമാക്കാനായി പ്രണബ് ശ്രദ്ധിച്ചു. പ്രണബിന്‍റെ കാലത്തെ പ്രതിരോധ സംവിധാനത്തെക്കുറിച്ച് അമേരിക്കയുടെ അഭിപ്രായം വിക്കിലീക്‌സ് പുറത്തുവിട്ട ഒരു വാർത്തയിലുണ്ടായിരുന്നു. പ്രതിരോധ സേനയുടെ നേതൃത്വത്തെയും, പ്രണബിന്‍റെ കഴിവും അമേരിക്ക വളരെയധികം പ്രശംസിച്ചിരുന്നു. അമേരിക്കയുമായി ഒരു നല്ല ബന്ധം തുടർന്നുപോരുന്നതിനൊപ്പം തന്നെ റഷ്യയുമായി ആയുധവ്യാപാരങ്ങൾ ഇന്ത്യ പ്രണബിന്‍റെ നേതൃത്വത്തിൽ ചെയ്തിരുന്നു. ഇന്ത്യ, റഷ്യയുടെ ഒരു പ്രധാനപ്പെട്ട ആയുധ വ്യാപാര പങ്കാളിയായിരുന്നു. ഇരുരാജ്യങ്ങളുമായി വളരെ നല്ല നയതന്ത്ര-വ്യാപാര ബന്ധം തന്നെ ഇന്ത്യ കാത്തു സൂക്ഷിച്ചിരുന്നു.

ഒട്ടേറെ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. 2008 ല്‍ പത്മഭൂഷണ്‍ പുരസ്കാരവും 2019 ല്‍ പരമോന്നത സിവിലിയന്‍ പുരസ്കാരമായ ഭാരതരത്നയും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ഇന്ത്യയുടെ പ്രഥമ പൗരന്‍ എന്ന നിലയിലുള്ള പ്രണബ് മുഖർജിയുടെ പ്രവര്‍ത്തനങ്ങള്‍ പുതിയ മാറ്റത്തിനായിരുന്നു വഴിവെച്ചത്. രാഷ്ട്രപതി ഭവന്‍ എല്ലാവർക്കും പ്രാപ്യമാകുന്ന രൂപത്തില്‍ ജനകീയവത്ക്കരിക്കാനും ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖർജിയുടെ കാലം  ഉപയോഗപ്പെടുത്തി എന്നതും ചരിത്രപരമായ വസ്തുതയാണ്. പ്രണബ് ദാ വിടവാങ്ങുമ്പോള്‍ നഷ്ടമാകുന്നത് ഇന്ത്യയുടെ സചേതനമായ ഒരു രാഷട്രീയ സംസ്കാരം കൂടിയാണ്.