പോപ്പ് എമിരറ്റസ് ബനഡിക്‌ട് പതിനാറാമൻ കാലം ചെയ്തു

Jaihind Webdesk
Saturday, December 31, 2022

വത്തിക്കാൻ സിറ്റി: മുന്‍ മാർപാപ്പ പോപ്പ് എമിരറ്റസ് ബനഡിക്‌ട് പതിനാറാമൻ (95) കാലം ചെയ്തു. പ്രായാധിക്യത്തെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ജോണ്‍ പോള്‍ രണ്ടാമൻ മാർപാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19 ന് സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28 ന് സ്ഥാനത്യാഗം ചെയ്തിരുന്നു. 600 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായായിരുന്നു ഒരു മാർപാപ്പയുടെ സ്ഥാനത്യാഗം. തുടര്‍ന്ന് പോപ്പ് എമിരറ്റസ് എന്ന പദവിയില്‍ വത്തിക്കാന്‍ ഗാര്‍ഡന്‍സിലെ വസതിയിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.

1927 ഏപ്രില്‍ 16-ന് ജര്‍മനിയിലെ ബവേറിയിലാണ് ജോസഫ് റാറ്റ്സിംഗര്‍ എന്ന പോപ്പ് എമിരറ്റസ് ബനഡിക്ട് പതിനാറാമന്‍റെ ജനനം. പോലീസുകാരനായിരുന്ന ജോസഫ് റാറ്റ്സിംഗര്‍ സീനിയറിന്‍റേയും മരിയയുടെയും മൂന്നാമത്തെ കുട്ടിയായിരുന്നു ജോസഫ് റാറ്റ്സിംഗര്‍. സാല്‍സ്ബര്‍ഗില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ ഓസ്ട്രിയന്‍ അതിര്‍ത്തിയിലെ ട്രോണ്‍സ്റ്റീന്‍ ഗ്രാമത്തിലാണ് ജോസഫ് റാറ്റ്‌സിംഗര്‍ ബാല്യ, കൗമാരങ്ങള്‍ ചെലവഴിച്ചത്. 1941-ല്‍ പതിനാലാം വയസില്‍, ജോസഫ് റാറ്റ്‌സിംഗര്‍, നാസി യുവ സംഘടനയായ ഹിറ്റ്ലര്‍ യൂത്തില്‍ നിര്‍ബന്ധപൂര്‍വം അംഗമാക്കപ്പെട്ടു. നാസി സൈന്യത്തിന്‍റെ കോൺസൻട്രേഷൻ ക്യാമ്പുകളിൽ ജൂതർ അനുഭവിച്ച പീഡനങ്ങൾക്ക് സാക്ഷിയായി. അതിന്‍റെ വേദനയാണ് അദ്ദേഹത്തെ ദൈവവഴിയിലേക്കു നയിച്ചത്. 1945 ൽ സഹോദരൻ ജോർജ് റാറ്റ്‌സിംഗറിനൊപ്പം കത്തോലിക്കാ സെമിനാരിയിൽ ചേർന്നു.

1946 മുതല്‍ 1951 വരെ മ്യൂണിക്ക് സര്‍വകലാശാലയ്ക്കു കീഴിലുള്ള ഫ്രെയ്‌സിംഗ് സ്‌കൂളില്‍ തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. 1951 ജൂൺ 29 നു വൈദികനായി. 1951 ജൂണ്‍ 29 ന് ഫ്രെയ്‌സിംഗില്‍ മ്യൂണിക്കിലെ കര്‍ദ്ദിനാള്‍ മൈക്കിള്‍ വോണ്‍ ഫോള്‍ഹാര്‍ബറില്‍നിന്ന് ഇരുവരും പൗരോഹിത്യം സ്വീകരിച്ചു. 1959-ല്‍ ബോണ്‍ സര്‍വകലാശാലയില്‍ അധ്യാപകനായി. 1963-ല്‍ മുന്‍സ്റ്റെര്‍ സര്‍വകലാശാലയിലെത്തി. ചുരുങ്ങിയ കാലം കൊണ്ട് ദൈവശാസ്ത്ര പണ്ഡിതനെന്ന നിലയില്‍ പ്രശസ്തനായിക്കഴിഞ്ഞിരുന്നു ഫാ. ജോസഫ് റാറ്റ്‌സിംഗര്‍. 1963 വരെ ബോണില്‍ അദ്ധ്യാപകനായിരുന്നു. 1963 മുതല്‍ 1966 വരെ മുന്‍സ്റ്റെറിലും 1966 മുതല്‍ 1969 വരെ തുബിന്‍ഗെനിലും അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു. 1969-ല്‍ റീഗന്‍സ്ബര്‍ഗ് സര്‍വകലാശാലയില്‍ ഗവേഷണ മേധാവിയായും സര്‍വകലാശാലാ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1977 ൽ മ്യൂണിക്കിലെ ആർച്ച്‌ ബിഷപ്പായി.

1980 ൽ ബിഷപ്പുമാരുടെ സിനഡുകളിൽ മാർപാപ്പ അവതരിപ്പിക്കേണ്ട റിപ്പോർട്ടുകൾ തയാറാക്കുന്ന ചുമതല ലഭിച്ചു. 1981 നവംബർ 25നു ‘ഡൊക്‌ട്രിൻ ഓഫ് ഫെയ്‌ത്’ സമൂഹത്തിന്റെ പ്രിഫെക്‌ടായി ചുമതലയേറ്റു. 2002 ൽ കർദിനാൾ തിരുസംഘത്തിന്റെ ഡീൻ ആയി. ജർമനിയിലെ ഓസ്‌റ്റിയ ആർച്ച് ബിഷപ്പായിരിക്കെ, വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയായി 2005 ഏപ്രിൽ 19 നു മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ജോസഫ് റാറ്റ്‌സിങ്ങർ എന്ന പേര് ഉപേക്ഷിച്ചു ബനഡിക്‌ട് പതിനാറാമൻ എന്ന പേരു സ്വീകരിച്ചു. 2013 ഫെബ്രുവരി 28നു സ്ഥാനത്യാഗം ചെയ്തു. ഭാരതസഭയിലെ ആദ്യവിശുദ്ധയായി സിസ്‌റ്റർ അൽഫോൻസാമ്മയെ നാമകരണം ചെയ്‌തത് ബനഡിക്ട് പതിനാറാമൻ മാർപാപ്പയായിരുന്നു. ഒരേസമയം യാഥാസ്‌ഥിതികനും പുരോഗമനവാദിയുമായ മാർപാപ്പ എന്നറിയപ്പെട്ട ബനഡിക്‌ട് പതിനാറാമൻ ധാർമികതയുടെ കാവലാൾ എന്നും വിശേഷിപ്പിക്കപ്പെട്ടിരുന്നു.