ഡോ. എം.എ കുട്ടപ്പന്‍… ഒരു കാലഘട്ടത്തില്‍ കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന വ്യക്തിത്വം

 

കൊച്ചി: കേരള രാഷ്ട്രീയത്തിൽ ഒരു കാലത്ത് നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു ഡോ. എം.എ കുട്ടപ്പൻ. എംബിബിഎസ് ബിരുദധാരിയായ ഡോക്ടർക്ക് പൊതുപ്രവർത്തന രംഗത്തും വലിയ സംഭാവനകൾ നൽകാൻ കഴിയുമെന്ന് എം.എ കുട്ടപ്പൻ തെളിയിച്ചു.

പത്തനംതിട്ട ജില്ലയിലെ മല്ലപ്പളളിയിൽ വാളക്കുഴി ഇലവുങ്കൽ അയ്യപ്പൻ–കല്യാണി ദമ്പതികളുടെ മകനായി 1947 ഏപ്രിൽ 12 ന് ജനിച്ച കുട്ടപ്പൻ പഠനത്തിൽ മിടുക്കനായിരുന്നു. എംബിബിഎസ് ബിരുദം നേടിയ ശേഷം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി, ആരോഗ്യവകുപ്പ്, കൊച്ചിൻ തുറമുഖ ട്രസ്‌റ്റ് ആശുപത്രി എന്നിവിടങ്ങളിൽ ജോലി നോക്കി. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ ഹൗസ് സർജൻസിയിൽ സേവനം അനുഷ്ഠിക്കുമ്പോഴാണ് കുട്ടപ്പൻ രാഷ്ട്രീയത്തിൽ ആകൃഷ്ടനായത്. പൊതുപ്രവർത്തനത്തിന് വേണ്ടി അദ്ദേഹം ജോലി രാജി വെക്കുകയായിരുന്നു.

പരിവർത്തനവാദി കോൺഗ്രസിലൂടെ രാഷ്‌ട്രീയത്തിൽ വന്ന കുട്ടപ്പൻ 1978 ൽ കോൺഗ്രസിൽ ചേർന്നു. 1980 ൽ വണ്ടൂരിനെയും 1987 ൽ ചേലക്കരയെയും 1996 ലും 2001 ലും ഞാറയ്ക്കലിനേയും പ്രതിനിധീകരിച്ചു നിയമസഭാംഗമായി. 2001 ലെ എ.കെ ആന്‍റണി മന്ത്രിസഭയിൽ പിന്നാക്ക, പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രിയായിരുന്നു. കെപിസിസി ജനറൽ സെക്രട്ടറി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗം, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2016 ൽ പക്ഷാഘാതത്തെ തുടർന്ന് അദ്ദേഹം പൊതുജീവിതത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു.

Comments (0)
Add Comment