കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം ; മഞ്ജുഷയുടെ അപേക്ഷ പരിഗണിച്ചാണ് നടപടി


പത്തനംതിട്ട: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം നല്‍കി ഉത്തരവ്. മഞ്ജുഷയുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. നേരത്തെ കോന്നി തഹസില്‍ദാര്‍ ആയിരുന്ന മഞ്ജുഷയ്ക്ക് പത്തനംതിട്ട കളക്ടറേറ്റിലേക്കാണ് മാറ്റം നല്‍കിയത്. നിലവില്‍ മഞ്ജുഷ അവധിയില്‍ തുടരുകയാണ്. ഉത്തരവാദിത്തപ്പെട്ട ചുമതലകളില്‍ നിന്നൊഴിവാക്കി കളക്ടേറ്റിലേക്ക് മാറ്റി നല്‍കണമെന്ന് മഞ്ജുഷ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം നല്‍കിയത്.

അതേസമയം, നവീന്‍ ബാബുവിന്റെ മരണത്തിലെ കൈക്കൂലി ആരോപണത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയിരിക്കുകയാണ് വിജിലന്‍സ് സ്‌പെഷല്‍ സെല്‍. അന്തിമ റിപ്പോര്‍ട്ട് ഈ ആഴ്ച ആഭ്യന്തര വകുപ്പിനു കൈമാറും. കോഴിക്കോട് വിജിലന്‍സ് സ്‌പെഷല്‍ സെല്‍ ആണ് ആരോപണത്തില്‍ അന്വേഷണം നടത്തിയത്. പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതിനായി കൈക്കൂലി നല്‍കിയെന്നായിരുന്നു പ്രശാന്തിന്റെ ആരോപണം. ഇത് പരിശോധിക്കാനായിരുന്നു വിജിലന്‍സ് സ്‌പെഷല്‍ സെല്ലിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.

അതിനിടെ, നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തെളിവുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജിയില്‍ കണ്ണൂര്‍ കളക്ടര്‍ക്കും ടിവി പ്രശാന്തിനും നോട്ടീസ് അയച്ചു. ഹര്‍ജി പരിഗണിച്ച കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടത്. കേസ് ഡിസംബര്‍ പത്തിന് വീണ്ടും പരിഗണിക്കും. കേസില്‍ പ്രതിചേര്‍ക്കാത്ത ജില്ലാ കളക്ടറുടെയം ടിവി പ്രശാന്തിന്റെയും മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നത് അവരുടെ സ്വകാര്യതയെ ബാധിക്കില്ലെയെന്ന സംശയം കോടതി കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ ഇരുവര്‍ക്കും കോടതി നോട്ടീസ് അയക്കാന്‍ നിര്‍ദേശിച്ചത്.

Comments (0)
Add Comment