മുന്‍ ഇന്ത്യ‍ന്‍ ഫുട്ബോള്‍ താരവും പരിശീലകനുമായിരുന്ന ടി.കെ. ചാത്തുണ്ണി അന്തരിച്ചു

 

കൊച്ചി: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ പരിശീലകരിൽ ഒരാളായ ടി.കെ. ചാത്തുണ്ണി അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ഫുട്ബോള്‍ താരമായും പരിശീലകനായും നാലു പതിറ്റാണ്ട് കളത്തിൽ സജീവമായിരുന്നു. മോഹൻ ബഗാൻ, എഫ്സി കൊച്ചിൻ, ഡെംപോ ഗോവ തുടങ്ങിയ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഇന്നു രാവിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കളിക്കാരന്‍ എന്ന നിലയില്‍ 15 വര്‍ഷം നീണ്ടതായിരുന്നു ടി.കെ. ചാത്തുണ്ണിയുടെ ഫുട്‌ബോള്‍ ജീവിതം. പട്ടാള ടീമായ ഇഎംഇ സെക്കന്ദരാബാദ്, വാസ്‌കോ ഗോവ, ഓര്‍ക്കേ മില്‍സ് ബോംബെ തുടങ്ങിയ ക്ലബ്ബുകളിലും സന്തോഷ് ട്രോഫിയില്‍ സര്‍വീസസ്, ഗോവ, മഹാരാഷ്ട്ര സംസ്ഥാന ടീമുകളിലും താരമായിരുന്നു. കേരള പോലീസ് ടീമിലൂടെ സംസ്ഥാനത്തേക്ക് ആദ്യമ‍ായി ഫെഡറേഷൻ കപ്പ് കിരീടം എത്തിച്ചത് ടി.കെ. ചാത്തുണ്ണിയാണ്. ചാത്തുണ്ണിയുടെ മികവ് കണ്ട് കൊൽക്കത്തയിലെയും ഗോവയിലെയും വമ്പൻ കബ്ബുകൾ അദ്ദേഹത്തെ സ്വന്തമാക്കി. പിന്നീട് എഫ്സി കൊച്ചിനെ പരിശീലിപ്പിക്കാൻ കേരളത്തിലേക്ക് മടങ്ങിയെത്തി. 1979-ല്‍ കേരളത്തിന്‍റെ സന്തോഷ് ട്രോഫി പരിശീലകനായി. മോഹന്‍ ബഗാന്‍, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, സാല്‍ഗോക്കര്‍, എഫ്‌സി. കൊച്ചിന്‍ എന്നിങ്ങനെ നിരവധി പ്രൊഫഷണല്‍ ക്ലബ്ബുകളേയും പരിശീലിപ്പിച്ചു.

ഐ.എം. വിജയൻ, സി.വി. പാപ്പച്ചൻ, ജോപോൾ അഞ്ചേരി, യു. ഷറഫലി, കുരികേശ് മാത്യു തുടങ്ങിയ താരങ്ങളെല്ലാം ചാത്തുണ്ണിയുടെ ശിക്ഷണത്തിൽ വളര്‍ന്നവരാണ്. 1979 ൽ സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെയും പരിശീലിപ്പിച്ചു. ‘ഫുട്ബോൾ മൈ സോൾ’ എന്ന പേരിൽ ആത്മകഥയെഴുതിയിട്ടുണ്ട്. നഷ്ടമായത് തന്‍റെ ഗോഡ്ഫാദറിനെ ആണെന്നും വിജയനെ വിജയനാക്കിയ പരിശീലകനെന്നും വിടവാങ്ങിയതെന്നും ഐ.എം. വിജയൻ പ്രതികരിച്ചു.

Comments (0)
Add Comment