മുന്‍ കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്ലി അന്തരിച്ചു

Jaihind Webdesk
Saturday, August 24, 2019

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ അരുൺ ജെയ്റ്റ്ലി (66) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ദീർഘനാളായി ചികിൽസയിലായിരുന്നു. ഒന്നാം മോദി സർക്കാരിൽ ധനമന്ത്രിയായിരുന്ന ജെയ്റ്റ്ലി ഉത്തർപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. മികച്ച ഒരു രാഷ്ട്ടിയ വ്യക്തിത്വത്തെയാണ് അരുൺ ജെയ്റ്റലിയുടെ വേർപാടിലൂടെ രാജ്യത്തിന് നഷ്ടമാകുന്നത്. രാഷ്ട്രീയത്തിന് അതിതമായി വ്യക്തിബന്ധങ്ങൾ കാത്തു സുക്ഷിച്ച നേതാവായിരുന്നു ജെയ്റ്റ്ലി. മികച്ച അഭിഭാഷകൻ കുടിയായിരുന്നു അദ്ദേഹം.

ബി.ജെ.പിയുടെ ഉന്നത നേതാക്കളിൽ ഒരാളായിരുന്ന അരുൺ ജെയ്റ്റ്ലി. മികച്ച പാർലമെന്‍റേറിയനും അഭിഭാഷകനുമായിരുന്നു. ഡൽഹി സർവകലാശാലായിൽ വിദ്യാർഥിയായിരിക്കെ ആർ.എസ്.എസ്.എസിന്‍റെ വിദ്യാർത്ഥി പ്രസ്ഥാനമായ എ.ബി.വി.പി.യിലൂടെ ജെയ്റ്റ്ലി രാഷ്ട്രീയരംഗത്തേക്ക് കടക്കുന്നത്. അഭിഭാഷകനായി സുപ്രീം കോടതിയിലും വിവിധ ഹൈക്കോടതികളിലും സേവനമനുഷ്ഠിച്ചു. ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റായും പ്രവർത്തിച്ചു.

1989-ൽ വി.പി സിംഗ് സർക്കാരിന്‍റെ കാലത്ത് അഡീഷണൽ സോളിസിറ്റർ ജനറൽ ആയി. നിയമം, സമകാലിക വിഷയം എന്നിവ സംബന്ധിച്ച് നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. 1991 മുതൽ ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗമായിരുന്നു. വാജ്‌പേയി മന്ത്രിസഭയിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തു. 1999 ൽ ബി.ജെ.പി ഔദ്യോഗിക വക്താവായും പ്രവർത്തിച്ചു. 2000 – 2014 കാലയളവിൽ രാജ്യസഭ പ്രതിപക്ഷ നേതാവായി. വനിതാ സംവരണ ബിൽ സംബന്ധിച്ച ചർച്ചയിൽ ജെയ്റ്റ്ലി നിർണായക പങ്ക് വഹിച്ചു. ചില അവസരങ്ങളിൽ പാർലമെന്‍റ് തടസപ്പെടുത്തുന്നത് രാജ്യത്തിന് ഗുണകരമാകുമെന്ന അദ്ദേഹത്തിന്‍റെ പ്രസ്താവന ഏറെ വിവാദമായിരുന്നു.

2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അമൃത്സറിൽ നിന്ന് മത്സരിച്ചെങ്കിലും കോൺഗ്രസിന്‍റെ ക്യാപ്റ്റൻ അമരീന്ദർ സിംഗിനോട് പരാജയപ്പെട്ടു. തുടർന്ന് രാജ്യസഭാ അംഗമായി. മോദി സർക്കാരിൽ ധനം, പ്രതിരോധ വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായിരുന്നു. ഈ കാലയളവിലാണ് നോട്ട് നിരോധനവും
ജി.എസ്.ടിയും നടപ്പാക്കിയത്. 2019 ൽ രണ്ടാം മോദി സർക്കാർ അധികാരത്തിലേറിയ ശേഷം ആരോഗ്യ കാരണങ്ങളാൽ ജെയ്റ്റലി സജീവ രാഷ്ട്രയത്തിൽ നിന്ന് വിട്ട് നിൽക്കുകായിരുന്നു. സംഗീതയാണ് ഭാര്യ റോഹൻ, സൊണാലി എന്നിവർ മക്കളാണ്.