രാജ്യം ഇപ്പോൾ നേരിടുന്നത് അസാധാരണ മാന്ദ്യത്തെയെന്നു തുറന്നടിച്ച് പ്രധാനമന്ത്രിയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവ്

Jaihind News Bureau
Thursday, December 26, 2019

രാജ്യം ഇപ്പോൾ നേരിടുന്നത് അസാധാരണ മാന്ദ്യത്തെയെന്നു തുറന്നടിച്ച് പ്രധാനമന്ത്രിയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ. ഇന്ത്യ വൻ സാമ്പത്തികമാന്ദ്യത്തെയാണ് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നതെന്നും ഇതിനെ മറികടക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും സുബ്രഹ്മണ്യൻ മുന്നറിയിപ്പു നൽകി.

കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എത്തുകയാണ് അരവിന്ദ് സുബ്രഹ്മണ്യൻ. വൻ സാമ്പത്തിക മാന്ദ്യത്തെയാണ് ഇന്ത്യ ഇപ്പോൾ നേരിടുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മുമ്പ് ഇന്ത്യ സാമ്പത്തിക മാന്ദ്യത്തെ നേരിട്ടപ്പോൾ , ജിഡിപി 4.5 ശതമാനത്തിന് അടുത്തായിരുന്നെങ്കിലും, കയറ്റുമതി കണക്കുകൾ, ഉപഭോക്തൃ വസ്തു കണക്കുകൾ, നികുതി വരുമാന കണക്കുകൾ എന്നിവയൊക്കെ പോസിറ്റീവ് വളർച്ചയാണ് രേഖപ്പെടുത്തിയത്. ഈ സൂചകങ്ങൾ ഇപ്പോൾ നെഗറ്റീവോ തീരെ വളർച്ചയില്ലാത്ത അവസ്ഥയിലോ ആണ്. അതുകൊണ്ടു തന്നെ ഇത് സാധാരണ മാന്ദ്യമല്ല, അസാധാരണ സാഹചര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് മാന്ദ്യത്തിൽ തളർന്നിരിക്കുകയാണെന്നും തൊഴിൽ, സാധാരണക്കാരന്‍റെ വരുമാനം, വേതനം, സർക്കാരിൻറെ വരുമാനം എന്നിവയൊക്കെ പിന്നോട്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അരവിന്ദ് സുബ്രഹ്മണ്യൻ പ്രധാനമന്ത്രിയുടെ സാന്പത്തിക ഉപദേഷ്ടാവായിരിക്കെ കേന്ദ്ര സർക്കാർ പുറത്തുവിട്ട ജിഡിപി നിരക്കുകളിലും അദ്ദേഹം സംശയം രേഖപ്പെടുത്തി.
ഇത് ആദ്യമായല്ല രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ സംബന്ധിച്ച് അരവിന്ദ് സുബ്രഹ്മണ്യൻ വിമർശനങ്ങൾ ഉന്നയിക്കുന്നത്. ഇതിനു മുൻപും ഇന്ത്യൻ സന്പദ്വ്യവവസ്ഥ അത്യാഹിത വിഭാഗത്തിലേക്കു വീഴുകയാണെന്ന മുന്നറിയിപ്പുമായി സുബ്രഹ്മണ്യൻ രംഗത്തെത്തിയിരുന്നു.