കരിപ്പൂർ സ്വർണ്ണക്കടത്ത് : ഡിവൈഎഫ്ഐ മുന്‍ നേതാവ് സി.സജേഷിനെ കസ്റ്റംസ് ചോദ്യംചെയ്യും

Jaihind Webdesk
Tuesday, June 29, 2021

കൊച്ചി : കരിപ്പൂർ സ്വർണ്ണക്കടത്ത് കേസില്‍ ഡിവൈഎഫ്ഐ മുന്‍ നേതാവ് സി.സജേഷിനെ കസ്റ്റംസ് ചോദ്യംചെയ്യും. നാളെ രാവിലെ 11ന് ഹാജരാവാന്‍ ആവശ്യപ്പെട്ട് സജേഷിന് കസ്റ്റംസ് നോട്ടീസ് നല്‍കി. ഡിവൈഎഫ്ഐ ചെമ്പിലോട് മുന്‍ മേഖല സെക്രട്ടറിയാണ് സജേഷ്.

അതേസമയം കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത അര്‍ജുന്‍ ആയങ്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വിശദമായ ചോദ്യംചെയ്യലിനായി അര്‍ജുന്‍ ആയങ്കിയുടെ കസ്റ്റഡി അപേക്ഷയും കസ്റ്റംസ് കോടതിയില്‍ നല്‍കും. അതിനിടെ മലപ്പുറത്ത് റിമാന്‍ഡില്‍ കഴിയുന്ന മുഹമ്മദ് ഷഫീഖിനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങി കൊച്ചിയില്‍ എത്തിച്ച് കസ്റ്റംസ് ചോദ്യം ചെയ്യും.

ഒൻപതു മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ അർജുന്‍റെ അറസ്റ്റ് ഇന്നലെ കസ്റ്റംസ് രേഖപ്പെടുത്തിയിരുന്നു. രണ്ടരക്കിലോ സ്വര്‍ണവുമായി പിടിയിലായ മലപ്പുറം സ്വദേശി മുഹമ്മദ് ഷഫീഖിന്‍റെ മൊഴിയില്‍ നിന്നാണ് സിപിഎം പ്രവർത്തകന്‍ അര്‍ജുന്‍ ആയങ്കിയുടെ പേര് പുറത്ത് വന്നത്.  പ്രതി മുഹമ്മദ് ഷഫീഖിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടി‍ല്‍ കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ അര്‍ജുന്‍ ആയങ്കിക്ക് പ്രധാന പങ്കെന്നും വ്യക്തമാക്കുന്നു. ഷഫീഖിന്‍റെ ഫോണ്‍ രേഖയില്‍ ഇത് വ്യക്തമാണ്.