കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് : ഡിവൈഎഫ്‌ഐ മുന്‍ നേതാവ് സജേഷ് കസ്റ്റംസിനു മുന്നില്‍ ; ചോദ്യംചെയ്യല്‍ തുടരുന്നു

Jaihind Webdesk
Wednesday, June 30, 2021

കൊച്ചി : കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ ഡിവൈഎഫ്‌ഐ മുന്‍ നേതാവ് സി.സജേഷ് കസ്റ്റംസിനു മുന്നില്‍ ഹാജരായി. കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ചോദ്യംചെയ്യല്‍ തുടരുകയാണ്. ഡിവൈഎഫ്ഐ ചെമ്പിലോട് മുന്‍ മേഖല സെക്രട്ടറിയായിരുന്നു സജേഷ്. അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയുടെ ബിനാമിയാണ് സജേഷെന്ന് കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

കരിപ്പൂർ വിമാനത്താവളത്തിൽ അർജുൻ പോയത്‌ സജേഷിന്റെ ഉടമസ്ഥതയിലുള്ള കാറിലാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഈ കാർ ഉപേക്ഷിച്ചനിലയിൽ പിന്നീട്‌ പരിയാരത്തുനിന്ന്‌ കണ്ടെടുത്തു. സജേഷിന്റെ പേരിലാണ്‌ കാറെന്ന്‌ തിരിച്ചറിഞ്ഞതിനെത്തുടർന്ന് സി.പി.എം. മൊയ്യാരം ബ്രാഞ്ച് അംഗമായിരുന്ന ഇയാളെ പാർട്ടിയിൽനിന്ന്‌‌ കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു. സി.പി.എം. നിയന്ത്രണത്തിലുള്ള കോയ്യോട് സഹകരണബാങ്കിലെ അപ്രൈസറാണ്‌ സജേഷ്‌. കടത്തിക്കൊണ്ടുവന്ന സ്വർണം ബാങ്കുകളിലെ ലോക്കറുകളിൽ സൂക്ഷിച്ചോയെന്നും സംശയമുണ്ട്‌.