കളത്തിലിറങ്ങി കായികതാരങ്ങളും: പ്രക്ഷോഭകര്‍ക്കൊപ്പം ജയസൂര്യ; പിന്തുണയുമായി സംഗക്കാരയും ജയവർധനയും

Jaihind Webdesk
Saturday, July 9, 2022

കൊളംബോ: ശ്രീലങ്കയിലെ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുണ്ടായ പ്രക്ഷോഭത്തിന് പിന്തുണയുമായി കായികതാരങ്ങളും.  പ്രസിഡന്‍റിന്‍റെ വസതി കയ്യേറിയ പ്രക്ഷോഭകർക്കൊപ്പം ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യയും പങ്കുചേർന്നു.  ഒരു പരാജയപ്പെട്ട ഭരണാധികാരിയെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെ രാജ്യം ഇപ്പോൾ ഒന്നിച്ചതു പോലെ മുമ്പൊരിക്കലും ഒന്നിച്ചുകണ്ടിട്ടില്ലെന്ന് ജയസൂര്യ പറഞ്ഞു. പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന ജയസൂര്യ പ്രക്ഷോഭകർക്കൊപ്പമുള്ള ചിത്രങ്ങളും ട്വീറ്റ് ചെയ്തു. രാജിവെക്കാനുള്ള മാന്യത കാണിക്കണമെന്നും പ്രസിഡന്‍റ് ഗോട്ടബയ രജപക്സയോട് ജയസൂര്യ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

ശ്രീലങ്കയുടെ മുൻ ക്രിക്കറ്റ് താരങ്ങളായ  മഹേള ജയവർധനെ, കുമാർ സംഗക്കാര എന്നിവർ പ്രതിഷേധക്കാര്‍ക്ക് പിന്തുണയറിയിച്ച് രംഗത്തെത്തി.  ഇത് നമ്മുടെ ഭാവിയ്ക്ക് വേണ്ടിയെന്ന് സംഗക്കാര പറഞ്ഞു. പ്രക്ഷോഭകർ പ്രസിഡന്‍റിന്‍റെ വസതി വളയുന്ന വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു സംഗക്കാരയുടെ പ്രതികരണം.

 

 

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയില്‍ പ്രക്ഷോഭം അതിശക്തമായി തുടരുകയാണ്. പതിനായിരക്കണക്കിന് ജനങ്ങളാണ് സംഘടിച്ചെത്തി പ്രസിഡന്‍റിന്‍റെ വസതിയിലേക്ക് ഇരച്ചുകയറിയത്. പ്രക്ഷോഭം മുന്നില്‍ക്കണ്ട് പ്രസിഡന്‍റ് നേരത്തേതന്നെ വസതിയില്‍ നിന്ന് മാറിയതായാണ് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്‍റിന്‍റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തിൽ ഒട്ടേറെ സൈനികരും പങ്കുചേരുന്നതായി റിപ്പോർട്ടുണ്ട്. പ്രസിഡന്‍റ് ഗോട്ടബയ രജപക്സ സൈനിക ആസ്ഥാനത്തുണ്ടെന്നാണ് വിവരം. എന്നാല്‍ അദ്ദേഹം രാജ്യം വിട്ടതായും ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

പതിനായിരക്കണക്കിന് വരുന്ന ജനങ്ങള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ എത്തുകയായിരുന്നു. പോലീസ് ബാരിക്കേഡുകള്‍ ഭേദിച്ച ജനക്കൂട്ടം പ്രസിഡന്‍റിന്‍റെ വസതിയിലേക്ക് ഇരച്ചുകയറുകയായിരുന്നു. ഇരച്ചെത്തിയ പ്രക്ഷോഭകരെ തടയാൻ സൈന്യം ആകാശത്തേക്ക് വെടിയുതിർത്തു. പ്രക്ഷോഭത്തിനിടെ പരിക്കേറ്റവരെ ആശുപത്രികളിലേക്കു മാറ്റി. തലസ്ഥാനത്ത് റോഡ്, റെയിൽ ഗതാഗത നിയന്ത്രണം പ്രക്ഷോഭകർ ഏറ്റെടുത്തതായാണ് വിവരം.

https://platform.twitter.com/widgets.js

 

 

https://twitter.com/Sanath07/status/1545693749400854529?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1545693749400854529%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2022%2F07%2F09%2Fyour-bastion-has-fallen-sanath-jayasuriya-joins-protest-against-sri-lanka-president-gotabaya-rajapaksa.html