സിപിഎമ്മിലെ ചതിയും വഞ്ചനയും ചേരിപ്പോരും പുസ്തകത്തിലെഴുതി സിപിഎം മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും എംഎല്‍എ യും ആയിരുന്ന പിരപ്പന്‍കോട് മുരളി. ‘എന്‍റെ ഒഎന്‍വി അറിവുകള്‍, അനുഭവങ്ങള്‍, ഓർമ്മപ്പെടുത്തലുകള്‍’ എന്ന പുസ്തകത്തിലാണ് മുതിർന്ന സിപിഎം നേതാവിന്‍റെ തുറന്ന് പറച്ചില്‍. വിഎസ് പക്ഷത്തിനോടൊപ്പം നിന്നിരുന്ന മുരളി , പിണറായി വിജയന്‍ പാർട്ടിക്കകത്തെ എതിർ ശബ്ദങ്ങളെ വെട്ടിനിരത്തിയതും , ഒഎന്‍വി യെ പാർട്ടി വേദികളില്‍ നിന്ന് അകറ്റാന്‍ ശ്രമിച്ചതും വിശദീകരിക്കുന്നു. പാർട്ടി വിഭാഗീയത തുറന്ന് കാട്ടുന്ന പുസ്തകം പ്രകാശനം ചെയ്തത് പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി ആയിരുന്നു.
1996 ല്‍ വിഎസിനെ പാർട്ടി ശക്തി കേന്ദ്രമായ മാരാരിക്കുളത്ത് നിന്ന് തോല്‍പ്പിക്കുന്നതോടെയാണ് സിപിഎമ്മിലെ ചതിയുടെ ചരിത്രം ആരംഭിക്കുന്നതെന്നാണ് പുസ്തകത്തില്‍ വിശദീകരിക്കുന്നത്. പിന്നീട് 2006 ല്‍ വിഎസിന് മത്സരിക്കാന്‍ സീറ്റ് ആദ്യം നല്‍കിയില്ലെങ്കിലും ജനരോഷം ഉയർന്നപ്പോള്‍ സിപിഎമ്മിന് വഴങ്ങേണ്ടി വന്നു. ആ സമയത്ത് സ്വന്തം ചിലവില്‍ ഒഎന്‍വി തന്നെയും കൂട്ടി വിഎസി ന് വേണ്ടി പ്രചരണത്തിന് ഇറങ്ങി. ദേശാഭിമാനിയിലെ വടക്കന്‍ ലോബിക്ക് ഒഎന്‍വി യോട് തീരെ താല്‍പര്യ ഇല്ലായിരുന്നു. എന്നാല്‍ ചില സിപിഐ ഉന്നതർ അദ്ദേഹത്തെ അവരുടെ ബുദ്ധി ജീവിക്കൂട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിരുന്നെന്നും മുരളി വിവരിക്കുന്നു.
ഒഎന്‍വി അദ്ധ്യാപക ജീവിതത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ യാത്രയയപ്പില്‍ പങ്കെടുത്തതിന്‍റെ പേരില്‍ ജില്ലാ കമ്മിറ്റിയില്‍ നിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. പാർട്ടി യോഗങ്ങളില്‍ നിന്ന് അകറ്റിയിരുന്ന കാലത്താണ് താന്‍ വാമനപുരം മണ്ഡലത്തില്‍ മത്സരിച്ചതെന്നും മുരളി തന്‍റെ പുസ്തകത്തില്‍ വിശദീകരിക്കുന്നു. വിഭാഗീയത കാരണം പാർട്ടിയില്‍ നിന്ന് തരം താഴത്തപ്പെട്ട മുരളി ഏതാനം വർഷങ്ങളായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് .