‘ഷെയിം ഓണ്‍ യൂ’ ഗൊഗോയിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. അതേസമയം ഗോഗൊയിയുടെ സത്യപ്രതിജ്ഞ കോണ്‍ഗ്രസ് ബഹിഷ്കരിച്ചു. ഗൊഗോയി രാജ്യസഭയിലെത്തിയപ്പോള്‍ ‘ഷെയിം ഓണ്‍ യൂ’ എന്ന് പറഞ്ഞായിരുന്നു പ്രതിപക്ഷം വരവേറ്റത്.

ഗൊഗോയി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പ്രതിഷേധ സൂചകമായി കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പിന്നീട് സത്യപ്രതിജ്ഞയ്ക്ക് ശേഷമാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ തിരിച്ചെത്തിയത്. ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് എതിരായ ഏറ്റവും ഗുരുതരമായ ആക്രമണങ്ങളിലൊന്നാണിതെന്ന് കോൺഗ്രസ് വിമർശിച്ചു.

ഗൊഗോയിയെ രാജ്യസഭാംഗമായി നാമനിർദേശം ചെയ്തതിനെതിരെ വിവിധ കോണുകളിൽ നിന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണയാണ് രാജ്യസഭാംഗത്വം എന്ന തരത്തിലും ആക്ഷേപമുണ്ട്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ നീക്കത്തില്‍ പ്രതിഷേധം അറിയിച്ചിരുന്നു.

സ്വന്തം വിധിന്യായത്തെ തന്നെ ലംഘിക്കുന്ന പ്രവൃത്തിക്കാണ് രഞ്ജൻ ഗൊഗോയി കൂട്ടുനിൽക്കുന്നതെന്നായിരുന്നു നിയമജ്ഞർ ചൂണ്ടിക്കാണിച്ചത്. ട്രിബ്യൂണൽ അംഗങ്ങളെ വിരമിച്ചശേഷം മറ്റ് സ്ഥാനങ്ങളിൽ പുനർനിയമിക്കുന്നതിനെതിരെ രഞ്ജൻ ഗൊഗോയി അധ്യക്ഷനായിരുന്ന ഭരണഘടന ബഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു. ഗൊഗോയി സുപ്രീം കോടതിയിൽ നിന്ന് വിരമിക്കുന്നതിന് തൊട്ടുമുൻപായിരുന്നു ഇങ്ങനെയൊരു വിധി പ്രസ്താവിച്ചത്.

അതേസമയം ഗൊഗോയിയെ രാജ്യസഭാംഗമായി നാമനിർദേശം ചെയ്തതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജിയും സമർപ്പിച്ചിട്ടുണ്ട്. സാമൂഹികപ്രവർത്തക മധുപൂർണിമ കിഷ്വാറാണ് സുപ്രീം കോടതിയെ സമീപിച്ചത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം എന്തുകൊണ്ട് രാജ്യസഭാംഗത്വം സ്വീകരിച്ചു എന്നതില്‍ വിശദീകരണം നൽകുമെന്ന് ഗൊഗോയ് അറിയിച്ചിരുന്നു.

Chief Justice Ranjan Gogoi
Comments (0)
Add Comment