ഉത്തരാഖണ്ഡിലെ മുതിർന്ന ബി.ജെ.പി നേതാവിന്‍റെ മകൻ കോൺഗ്രസിൽ ചേര്‍ന്നു

ഉത്തരാഖണ്ഡിലെ മുതിർന്ന ബി.ജെ.പി നേതാവിന്‍റെ മകൻ കോൺഗ്രസിൽ. മുൻ മുഖ്യമന്ത്രിയും ഉത്തരാഖണ്ഡിലെ മുതിർന്ന ബി.ജെ.പി എം.പിയുമായ ഭുവൻ ചന്ദ്ര ഖണ്ഡൂരിയുടെ മകനായ മനീഷ് ഖണ്ഡൂരിയാണ് കോൺഗ്രസിൽ ചേർന്നത്. മനീഷ് പിതാവിനെതിരെ മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്.

ഉത്തരാഖണ്ഡിലെ മുതിർന്ന ബി.ജെ.പി നേതാവായ ഭുവൻ ചന്ദ്രയും ബി.ജെ.പി നേതൃത്വവും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിൽക്കെയാണ് മകനായ മനീഷ് ഖണ്ഡൂരി കോൺഗ്രസിലേക്ക് ചേക്കേറുന്നത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മനീഷ് തീരുമാനം പ്രഖ്യാപിച്ചത്. ഡെറാഡൂണിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മഹാറാലിയിൽ മനീഷ് ഖണ്ഡൂരിയക്ക് കോൺഗ്രസ് സ്വീകരണം നൽകും.

ഭുവൻ ചന്ദ്ര നിലവിൽ പൗരിയിൽ നിന്നുള്ള ബി.ജെ.പി എം.പിയാണ്. പൗരി മണ്ഡലം തിരിച്ചു പിടിക്കാൻ ഭുവൻ ചന്ദ്രക്കെതിരെ മനീഷ് ഖണ്ഡൂരിയെ കോൺഗ്രസ് സ്ഥാനാർഥിയാക്കിയേക്കുമെന്ന് സൂചനയുണ്ട്. പിതാവിനെതിരെ മത്സരിക്കാൻ മനീഷ് സമ്മതം അറിയിച്ചതയാണ് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. ഡിഫൻസ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് തുടരുന്ന ഭുവൻ ചന്ദ്രയുടെ കാലാവധി നീട്ടിനൽകാത്തതിൽ അസ്വാരസ്യങ്ങൾ നിലവിലുണ്ട്. ഇതിന് പിന്നാലെയാണ് മകൻ തന്നെ ഭുവൻ ചന്ദ്രയ്ക്ക് എതിരാകുന്നത്.

മുൻ പത്രപ്രവർത്തകനായ മനീഷ് ഖണ്ഡൂരിയ നിലവിൽ ഫേസ്ബുക്കിലെ ഉദ്യോഗസ്ഥനാണ്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മുതിർന്ന ബി.ജെ.പി നേതാവിന്‍റെ മകൻറെ കടന്നു വരവ് കോൺഗ്രസിന് കരുത്തുപകരും.
പൗരിയടക്കം 5 ലോക്‌സഭ മണ്ഡലങ്ങളാണ് ഉത്തരാഘണ്ഡിൽ ഉള്ളത്. നിലവിൽ കേന്ദ്ര സർക്കാരിനെതിരായി രാജ്യത്ത് ഉയരുന്ന വികാരം മുതലെടുത്ത് മുഴുവൻ സീറ്റുകളും ബി.ജെ.പിയിൽ നിന്ന് തിരിച്ചുപിടിക്കാൻ കഴിയുമെന്നാണ് കോൺഗ്രസിന്‍റെ പ്രതീക്ഷ.

congressbjpManish-Khanduri
Comments (0)
Add Comment