കണ്ണൂർ : വ്യാജ പ്ലസ് ടു , ഡിഗ്രി സർട്ടിഫിക്കറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ ഒരാൾ പിടിയില്‍. സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി നിര്‍മ്മിച്ചു വിൽപന നടത്തിയ പ്രധാന പ്രതി അറസ്റ്റിൽ. കയരളത്തെ ശ്രീകുമാര്‍ കെവി എന്നയാളെ കണ്ണൂര്‍ ടൌണ്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.
ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കണ്ണൂര്‍ യോഗശാല റോഡിന് സമീപം പ്രവര്‍ത്തിക്കുന്ന ഐഎഎഫ്ഡി ഫാഷന്‍ ടെക്നോളജി ക്യാമ്പസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ഇയാൾ . 2018 കാലഘട്ടത്തില്‍ ഐഎഫ്ഡി ഫാഷന്‍ ടെക്നോളജി ക്യാമ്പസില്‍ പ്ലസ് ടു, ഡിഗ്രി പഠനത്തിന് പ്രൈവറ്റ് ആയി ചേരുകയാണെങ്കില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാമെന്ന് പറഞ്ഞു പരാതിക്കാരായ രണ്ടു പേരില്‍ നിന്നും പ്രതിയായ ശ്രീകുമാര്‍ 2,27,100/- രൂപ പല തവണകളായി ഫീസ് ഇനത്തില്‍ വാങ്ങിച്ചിരുന്നു. എന്നാല്‍ പരാതിക്കാര്‍ക്ക് 2015 ലെ പ്ലസ് ടു സര്‍ട്ടിഫിക്കറ്റും 2015-2018 കാലഘട്ടത്തെ ഡിഗ്രി സര്‍ട്ടിഫിക്കറ്റും നല്‍കി വഞ്ചിക്കുകയായിരുന്നു. കബളിപ്പിക്കപ്പെട്ടവരുടെ പരാതിയിലാണ് അറസ്റ്റ്.