ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ വ്യാജരേഖയുണ്ടാക്കി ; ഗണേഷ്‌കുമാറിനും സരിതയ്ക്കുമെതിരെ കോടതി കേസെടുത്തു

Jaihind Webdesk
Tuesday, June 29, 2021

കൊല്ലം :  നിരപരാധിയായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സരിതയും കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയും ചേര്‍ന്ന് വ്യാജ തെളിവുകള്‍ ഹാജരാക്കി അപകീര്‍ത്തിപ്പെടുത്തി എന്ന കേസില്‍ പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഉണ്ടെന്ന് കോടതി. വ്യാജരേഖകൾ ചമച്ചെന്ന ഹർജിയിൽ  ഗണേഷ്‌കുമാറിന്‍റെയും  സരിതാ നായരുടെയും പേരിൽ കോടതി കേസ് രജിസ്റ്റർ ചെയ്തു. ഇരുവര്‍ക്കുമെതിരെ സമന്‍സ് അയയ്ക്കാന്‍ കൊട്ടാരക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ഉത്തരവിട്ടു.

സോളാര്‍ കമ്മീഷന്‍ മുമ്പാകെ സരിത ഹാജരാക്കിയ കത്തില്‍ നാല് പേജുകള്‍ വ്യാജമായി കൂട്ടിച്ചേര്‍ത്തതാണെന്നും ഗണേഷ് കുമാറിന്‍റെ ഗൂഢാലോചനയുടെ ഫലമാണ് ഈ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയതെന്നും പ്രഥമദൃഷ്ട്യാ കോടതിക്ക് ബോധ്യപ്പെട്ടു. മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിന്‍റെ പകയാണ് ഗണേഷിന്‍റെ വൈരാഗ്യത്തിന് കാരണം. സരിത കമ്മീഷന്‍ മുമ്പാകെ ഹാജരാക്കിയ കത്തിലെ നാല് പേജുകള്‍ പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നും ഇക്കാര്യം ചൂണ്ടിക്കാണിച്ച് മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ സുധീര്‍ ജേക്കബ് അഡ്വ. ജോളി അലക്സ് വഴി നല്‍കിയ സ്വകാര്യ അന്യായത്തിലാണ് കോടതിവിധി.

സരിത ജയിലിൽനിന്നെഴുതി അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്‍റെ കൈവശംനൽകിയത് 21 പേജുള്ള കത്തായിരുന്നെന്ന് ജയിൽ രേഖകളിലുണ്ട്. എന്നാൽ കമ്മീഷനിൽ നൽകിയത് 25 പേജുള്ള കത്തും. ഇതിൽ ഉമ്മൻ ചാണ്ടിയെപ്പറ്റി പരാമർശമുള്ള നാല് പേജുകൾ ഗൂഢാലോചനനടത്തി എഴുതിച്ചേർത്തതാണെന്നാണ് ആരോപണം.