വനംകൊള്ളയില്‍ ഉദ്യോഗസ്ഥര്‍ക്കും പങ്ക്, കരാറുകാരുമായി ചേർന്ന് ഗൂഢാലോചന നടത്തി : ക്രൈംബ്രാഞ്ച് എഫ്ഐആർ

Jaihind Webdesk
Thursday, June 17, 2021

തിരുവനന്തപുരം : വനംകൊള്ളയില്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന് ക്രൈംബ്രാഞ്ച് എഫ്ഐആർ. കരാറുകാരുമായി ചേർന്ന് ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നു. വലിയ തോതില്‍ സാമ്പത്തികവെട്ടിപ്പും  നടന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഗൂഢാലോചനയും മോഷണവുമടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തതെന്നും ക്രൈംബ്രാഞ്ച്.

അതേസമയം മുട്ടില്‍ വനംകൊള്ള നടന്ന പ്രദേശങ്ങള്‍ ഇന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിക്കും. റവന്യൂ, വനം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മരംമുറി നടന്ന മുട്ടിലും സമീപപ്രദേശങ്ങളിലുമാണ് യുഡിഎഫ് സംഘം സന്ദര്‍ശനം നടത്തുക.

പ്രതിപക്ഷ നേതാവിനെ കൂടാതെ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, സി.പി ജോണ്‍, അനൂപ് ജേക്കബ്ബ്, ജി.ദേവരാജന്‍, എന്‍.കെ പ്രേമചന്ദ്രന്‍ അടക്കമുള്ള സംസ്ഥാന നേതാക്കളും ജില്ലയില്‍ നിന്നുള്ള എംഎല്‍എമാരായ ഐ.സി ബാലകൃഷ്ണന്‍, ടി.സിദ്ദിഖ് എന്നിവരും സംഘത്തിലുണ്ടാകും