സുല്‍ത്താന്‍ ബത്തേരിയിലെ കടുവയെ കുടുക്കാന്‍ കൂട് സ്ഥാപിച്ച് വനം വകുപ്പ്; ഭീതി ഒഴിയാതെ പ്രദേശവാസികള്‍

വയനാട്: തൊഴുത്തിൽ കയറി പശുക്കിടാവിനെ കൊന്നു തിന്ന കടുവയ്ക്കായി സുൽത്താൻ ബത്തേരി സീസിയിൽ വനംവകുപ്പ് കൂട് വെച്ചു. ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് നാട്ടുകാർ സ്ഥാപിച്ച ക്യാമറയിലാണ് കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. സൗത്ത് വയനാട് ഡിഎഫ്ഒയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കൂട് വെക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനുമതി നൽകിയത്.

രണ്ടുദിവസം മുമ്പാണ് ഞാറക്കാട്ടിൽ സുരേന്ദ്രൻ്റ പശുത്തൊഴുത്തിൽ കടുവ എത്തിയതും കിടാവിനെ കൊന്നു തിന്നതും. പിന്നാലെ വനം വകുപ്പും നാട്ടുകാരും ക്യാമറ സ്ഥാപിച്ചു. രണ്ടിലും കിടാവിനെ പിടിച്ച കടുവ പതിഞ്ഞിട്ടുണ്ട്. ഭക്ഷിച്ചു പോയ പശുക്കിടാവിന്‍റെ അവശിഷ്ടം തിന്നാൻ കടുവ വീണ്ടും എത്തിയപ്പോഴാണ് ചിത്രം പതിഞ്ഞത്. കടുവ ഏതെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് വനം വകുപ്പ് കെണി വെച്ചത്.

സൗത്ത് വയനാട് ഡിഎഫ്ഒയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കൂട് സ്ഥാപിക്കാന്‍ ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനുമതി നൽകിയത്. വനത്തിനോട് ചേർന്ന മേഖലയിൽ കടുവാ സാന്നിധ്യം ഉണ്ടെങ്കിലും ജനവാസ മേഖലയിൽ തുടർച്ചയായുള്ള ദിവസങ്ങളിൽ കടുവയെത്തിയത് ജനങ്ങളെ ആശങ്കയിൽ ആക്കുന്നുണ്ട്. 10 ദിവസത്തെ ദൗത്യത്തിനൊടുവിൽ നരഭോജി കടുവയെ പിടികൂടിയ കൂടല്ലൂരിന് സമീപമാണ് പുതിയ സംഭവം എന്നതും പ്രദേശവാസികളുടെ ആശങ്ക വർധിപ്പിക്കുന്നു.

Comments (0)
Add Comment