ബാബുവിനെതിരെ കേസെടുത്ത് വനംവകുപ്പ്; ഒപ്പം കയറിയ വിദ്യാർത്ഥികള്‍ക്കെതിരെയും കേസ്

Jaihind Webdesk
Monday, February 14, 2022

 

പാലക്കാട് മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെതിരെ കേസെടുത്ത് വനംവകുപ്പ്. ഒപ്പം കയറിയ മൂന്ന് വിദ്യാർത്ഥികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. വനത്തില്‍ അതിക്രമിച്ച് കയറിയതിനാണ് കേസ്.

നേരത്തെ ബാബുവിനെതിരെ കേസ് എടുക്കാന്‍ വനംവകുപ്പ് അധികൃതർ ആലോചിച്ചെങ്കിലും വകുപ്പ് മന്ത്രി ഇടപെട്ട് അത് ഒഴിവാക്കിയിരുന്നു. മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ സൈന്യം എത്തിയാണ് രക്ഷപ്പെടുത്തിയത്. ഇത്തരം സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാണ് ബാബുവിന് ഇളവ് നല്‍കാന്‍ തീരുമാനിച്ചിരുന്നത്.

എന്നാല്‍ കഴിഞ്ഞ ദിവസം ചെറാട് മലയില്‍ ആള്‍ കയറിയത് വീണ്ടും ചർച്ചകള്‍ക്ക് വഴിയൊരുക്കി. ബാബുവിന്‍റെ ചുവടുപിടിച്ച് വീണ്ടും ആള്‍ക്കാർ മല കയറാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമായി. ഇതോടെയാണ് ബാബുവിനും കൂടെ കയറിയവർക്കുമെതിരെ കേസെടുക്കാനുള്ള നീക്കം.

അനധികൃതമായി ഇനി മല കയറിയാല്‍ അവർക്കെതിരെ കേസെടുക്കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രനും റവന്യൂ വകുപ്പ് മന്ത്രി കെ രാജനും ഇന്ന് രാവിലെ അറിയിച്ചിരുന്നു. ബാബുവിന് ലഭിച്ച ഇളവ് ഇനി ഉണ്ടാവില്ലെന്നും മന്ത്രിമാർ അറിയിച്ചു.