വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന നിഗമത്തിൽ ക്രൈം ബ്രാഞ്ച്. അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ഡ്രൈവറായ അർജുൻ ആണെന്നും ഫോറൻസിക് പരിശോധനയിൽ വ്യക്തമായി.അർജുനെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസ് എടുക്കും. ബാലഭാസ്കർ മരിക്കാനിടയായ സംഭവത്തിൽ നിർണായക തെളിവാണ് ക്രൈം ബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്. അപകടമുണ്ടായ സമയത്ത് കാർ ഓടിച്ചിരുന്നത് ഡ്രൈവറായിരുന്ന അർജുൻ ആണെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായി.
അർജുന് തലയ്ക്കും വാരിയെല്ലിനും പരിക്കേറ്റത് മുൻ സീറ്റിൽ ഇരുന്നതിനാലാണെന്നാണ് ഡി.എൻ.എ ,ഫോറൻസിക് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അന്വഷണ സംഘം സ്ഥിരീകരിക്കുന്നത്.അപകടം ഉണ്ടാകുമ്പോൾ വാഹനം
120 കിലോമീറ്റർ വേഗതയിലായിരുന്നു.ബാലഭാസ്കരിന്റെ ഭാര്യ ലക്ഷ്മിയും മകളും മുൻ സിറ്റിലായിരുന്നു.ബാലഭാസ്കർ പുറകിലത്തെ സീറ്റിൽ മധ്യഭാഗത്തായിട്ടായിരുന്നു ഉണ്ടായിരുന്നത്. ലക്ഷ്മി മാത്രമാണ് സീറ്റ് ബൽറ്റ് ധരിച്ചിരുന്നതെന്നും ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായി. അർജുനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യാകുറ്റം ചുമത്താൻ അന്വേഷണ സംഘം തീരുമാനിച്ചു.
കഴിഞ്ഞ സെപ്റ്റംബർ 25നായിരുന്നു ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിന് ഇടയാക്കിയ വാഹനാപകടം നടന്നത്.
ഇതിന് പിന്നാലെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബാലഭാസ്കരിന്റെ അച്ചനും സുഹൃത്തുക്കളും രംഗത്ത് എത്തി.ഇതോടെ വിവാദവും ശക്തിപ്പെട്ടു. അപകടമുണ്ടായ സമയത്ത് കാർ ഓടിച്ചത് ആരായിരുന്നുവെന്നതിനെപ്പറ്റി വ്യക്തമായ വിവരങ്ങൾ ഉണ്ടായിരുന്നില്ല.
ഇതിൽ വ്യത്യസ്തമായ ദൃക്സാക്ഷി മൊഴികളുമുണ്ടായത് അന്വേഷണ സംഘത്തെ വലച്ചു. ഇതിന് പിന്നാലെയാണ് ഫോറൻസിക് പരിശോധന ഉൾപ്പെടെയുള്ള നടപടികളിലേക്ക് ക്രൈംബ്രാഞ്ച് കടന്നത്.ബാലഭാസ്ക്കറ്റിന്റെത് അപകട മരണം തന്നെയാണ് എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിച്ചേർന്നിരിക്കുന്നത്.