വിദേശിയുടെ മദ്യം ഒഴിപ്പിച്ചുകളഞ്ഞ സംഭവം; തെറ്റ് ചെയ്ട്ടില്ലെന്ന് എസ്ഐ; സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യം

Jaihind Webdesk
Sunday, January 2, 2022

 

തിരുവനന്തപുരം : കോവളത്ത് വിദേശിയുടെ കൈവശമുണ്ടായിരുന്ന മദ്യം റോഡിൽ ഒഴിപ്പിച്ചു കളഞ്ഞ സംഭവത്തിൽ തന്‍റെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടില്ലെന്ന് നടപടി നേരിട്ട പൊലീസ് ഉദ്യോഗസ്ഥന്‍. സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോവളം സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ടി.കെ ഷാജി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.

തെറ്റ് ചെയ്തിട്ടില്ലെന്നും നടപടിക്രമങ്ങൾ പാലിച്ചാണ് ജോലി ചെയ്‌തെന്നും ഷാജി കത്തിൽ വിശദീകരിക്കുന്നു. വിദേശിയായ സ്റ്റീഫനോട് മോശമായ രീതിയിൽ സംസാരിച്ചില്ലെന്നും മദ്യം ഒഴുക്കികളയാൻ ആവശ്യപ്പെട്ടില്ലെന്നും കത്തിലുണ്ട്. ബീച്ചിലേക്ക് മദ്യം കൊണ്ടുപോകരുതെന്ന നിർദേശം നടപ്പിലാക്കുക  മാത്രമാണ് ചെയ്തത്. സർവീസിൽ നിന്ന് വിരമിക്കാൻ ഇനി അഞ്ചു മാസം മാത്രമേയുള്ളൂവെന്നും സസ്‌പെൻഷൻ പിൻവലിക്കണമെന്നും പൊലീസ് അസോസിയേഷൻ മുഖേന നൽകിയ കത്തിൽ എസ്‌ഐ പറയുന്നു.

പുതുവത്സരതലേന്നാണ് താമസ സ്ഥലത്ത് ന്യൂ ഇയർ ആഘോഷിക്കാൻ ബിവറേജസിൽ നിന്ന് മദ്യം വാങ്ങിവരുന്ന വഴിയാണ് കോവളത്ത് വിദേശ പൗരന്‍റെ മദ്യം ഒഴിപ്പിച്ചുകളഞ്ഞത്.  പൊലീസ് ബാഗ് പരിശോധിച്ച്, വാങ്ങിയ മദ്യത്തിന്‍റെ ബില്ല് ചോദിക്കുകയായിരുന്നു. കടയിൽ നിന്ന് ബിൽ വാങ്ങിയില്ലെന്ന് വിദേശി പറയുന്നു. തുടർന്ന് മദ്യം കൊണ്ടുപോകാൻ പറ്റില്ലെന്ന് പൊലീസ് പറയുകയും വിദേശി മദ്യം ഒഴിച്ച് കളയാൻ നിർബന്ധിതനാവുകയുമായിരുന്നു. മദ്യം കുപ്പിയിൽ നിന്ന് ഒഴിച്ചുകളഞ്ഞ ശേഷം പ്ലാസ്റ്റിക് കുപ്പി കളയാതെ വിദേശി ബാഗിൽ തന്നെ സൂക്ഷിച്ചു. പരിസ്ഥിതിക്ക് ദോഷം വരുന്ന ഒന്നും താൻ ചെയ്യില്ലെന്നായിരുന്നു വിദേശ പൗരന്‍റെ മറുപടി.

സംഭവം വിവാദമായതിന് പിന്നാലെ ഗ്രേഡ് എസ്ഐക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. പരിശോധനാ സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കെതിരെ വകുപ്പ് തല അന്വേഷണത്തിനും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ സ്പർജൻകുമാർ നിർദ്ദേശം നൽകി. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണർ സതീഷ്  കമ്മീഷണർക്ക് റിപ്പോർട്ട് നൽകി.

കഴിഞ്ഞ ദിവസം ഗ്രേഡ് എസ്ഐയെ സസ്പെൻഡ് ചെയ്തതിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ രംഗത്തെത്തിയിരുന്നു. നടപടി തെറ്റായ പ്രചരണത്തിന്‍റെ അടിസ്ഥാനത്തിലാണെന്നാണ് അസോസിയേഷൻ നിലപാട്. എന്നാൽ സാധാരണ പോലീസ് നടപടിയുടെ ഭാഗമായ വാഹനപരിശോധന മാത്രമാണ് ഉദ്യോഗസ്ഥർ നടത്തിയതെങ്കിലും കോവളത്തെ വിദേശിയുടെ കാര്യത്തിൽ വീഴ്ചകൾ സംഭവിച്ചതായും റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന.