വിദേശ നിര്‍മ്മിത വിദേശമദ്യത്തിന് സര്‍ക്കാര്‍ വന്‍ നികുതിയിളവ് നല്‍കി; പിന്നില്‍ വമ്പന്‍ അഴിമതി: രമേശ് ചെന്നിത്തല

തിരുവനന്തപുരം: വിദേശ നിര്‍മ്മിത വിദേശ മദ്യ വില്‍പ്പനയ്ക്ക് സര്‍ക്കാര്‍ വന്‍ നികുതിയിളവ് നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിന് പിന്നില്‍ വന്‍ അഴിമതിയാണെന്നും അദ്ദേഹം പറഞ്ഞു. മദ്യവില്‍പ്പനക്ക് അനുമതി നല്‍കിയ ഫിനാന്‍സ് ബില്ലിന് പ്രതിപക്ഷം വിയോജനക്കുറിപ്പ് നല്‍കിയില്ലെന്ന എക്‌സൈസ് മന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. വിദേശ നിര്‍മ്മിത വിദേശ മദ്യം, സംസ്ഥാനത്തെ ബാറുകള്‍, സംസ്ഥാനത്തെ ചില്ലറ വില്‍പ്പന ശാലകള്‍ എന്നിവ വഴി വിറ്റഴിക്കാന്‍ അനുമതി നല്‍കിയ 17 കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയെന്നാണ് പ്രതിപക്ഷ ആരോപണം. എക്‌സൈസ് തീരുവ, ചില്ലറ വില്‍പ്പന നികുതി, വില്‍പ്പന നികുതി, വേര്‍ഹൗസ് തീരുവ എന്നിവയില്‍ മൂന്ന്മുതല്‍ 132 ശതമാനം വരെ നികുതിയിളവ് നല്‍കി.

എക്‌സൈസ് ഡ്യൂട്ടി 1006 രൂപ കുറച്ചുകൊടുത്തു. വെയര്‍ഹൗസ് തീരുവ മൂന്ന് ശതമാനം കുറച്ചുകൊടുത്തു. ചില്ലറ വില്‍പ്പന നികുതി 17 ശതമാനം കുറച്ചുകൊടുത്തു, വില്‍പ്പന നികുതി 132 ശതമാനം കുറച്ചുകൊടുത്തു. ഇതില്‍ വന്‍ അഴിമതിയുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ഗുരുതരമായ അഴിമതി ആരോപണത്തില്‍ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വിദേശ നിര്‍മ്മിത വിദേശ മദ്യം ബിവറേജസ് കോര്‍പ്പറേഷന്‍ വഴി വില്‍ക്കാനുള്ള തീരുമാനം ബജറ്റ് നിര്‍ദ്ദേശമായിരുന്നു. ഇതിനെതിരെ മൂന്ന് എം.എല്‍.എമാര്‍ വിയോജനക്കുറിപ്പ് നല്‍കിയിരുന്നു. വിയോജനക്കുറിപ്പ് നല്‍കിയില്ലെന്ന എക്‌സൈസ് മന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Comments (0)
Add Comment