ഇംഫാൽ: ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് രാഹുൽ ഗാന്ധി. ബിജെപിക്കും മോദിക്കും മണിപ്പുർ ഇന്ത്യയുടെ ഭാഗമല്ലെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. കലാപം കൊടുമ്പിരി കൊണ്ടിട്ടും മണിപ്പുർ ജനതയ്ക്ക് ഉറ്റവരെ കണ്‍മുന്നില്‍ നഷ്ടമായപ്പോഴും പ്രധാനമന്ത്രി തിരിഞ്ഞുനോക്കിയില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
‘‘2004 മുതൽ ഞാൻ രാഷ്ട്രീയത്തിലുണ്ട്. എന്നാൽ ഭരണത്തിന്‍റെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും തകർന്നടിഞ്ഞ ഒരു സ്ഥലം സന്ദർശിക്കുന്നത് ആദ്യമായാണ്. ജൂൺ 29നു ശേഷം മണിപ്പുർ യഥാർത്ഥ മണിപ്പൂരല്ല. മണിപ്പുർ വിഭജിക്കപ്പെട്ടിരിക്കുന്നു, മുക്കിലും മൂലയിലും വിദ്വേഷം പടർന്നിരിക്കുന്നു, ലക്ഷക്കണക്കിന് ആളുകൾക്ക് നഷ്ടം സംഭവിച്ചിരിക്കുന്നു. ജനങ്ങൾക്ക് അവരുടെ കൺമുന്നിൽവച്ച് പ്രിയപ്പെട്ടവരെ നഷ്ടമായിരിക്കുന്നു. എന്നാൽ ഇതുവരെ നിങ്ങളുടെ കണ്ണീരകറ്റാൻ, നിങ്ങളുടെ കരങ്ങള്‍ ചേർത്തുപിടിക്കാൻ ഇന്ത്യയുടെ പ്രധാനമന്ത്രി ഇവിടേക്ക് എത്തിയില്ല. വളരെയേറെ അപമാനകരമായ കാര്യമാണത്. ചിലപ്പോൾ മോദിക്കും ബിജെപിക്കും ആർഎസ്എസിനും മണിപ്പുർ ഇന്ത്യയുടെ ഭാഗമായിരിക്കില്ല” – രാഹുല്‍ ഗാന്ധി പറഞ്ഞു.
ബിജെപി രാഷ്ട്രീയത്തിന്‍റെ പ്രതീകമാണ് മണിപ്പുർ. ബിജെപിയുടെയും ആർഎസ്എസിന്‍റെയും വിദ്വേഷത്തിന്‍റെ പ്രതീകമാണ് മണിപ്പുർ. ബിജെപിയുടെ കാഴ്ചപ്പാടിന്‍റെയും പ്രത്യയശാസ്ത്രത്തിന്റെയും പ്രതീകമാണ് മണിപ്പുർ. നിങ്ങൾക്ക് വളരെ വിലപ്പെട്ടത് നഷ്ടമായി, എന്നാൽ അത് കണ്ടെത്തി തിരികെ കൊണ്ടുവരിക തന്നെ ചെയ്യും. മണിപ്പുരിലെ ജനങ്ങൾ ഏതു വിഷമഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഞങ്ങൾക്ക് അറിയാം. നിങ്ങളുടെ വേദനയും നഷ്ടങ്ങളും ഞങ്ങൾക്ക് മനസിലാകും. നിങ്ങളുടെ സന്തോഷവും സമാധാനവും തിരികെ കൊണ്ടുവരുമെന്ന് ഞങ്ങൾ ഉറപ്പു നൽകുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു