സന്നദ്ധസംഘടനകളുടെ ഭക്ഷണവിതരണം തടഞ്ഞ് പോലീസ്, വലഞ്ഞ് രക്ഷാപ്രവർത്തകർ; നടപടി അംഗീകരിക്കാനാവില്ലെന്ന് ഐ.സി. ബാലകൃഷ്ണൻ എംഎല്‍എ

 

കല്‍പ്പറ്റ: വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലങ്ങളിൽ കൃത്യമായി ഭക്ഷണം ലഭിക്കാതെ രക്ഷാപ്രവർത്തകരും ഉദ്യോഗസ്ഥരും വലഞ്ഞു. സന്നദ്ധ സംഘടനകളുടെ ഭക്ഷണ വിതരണം തടഞ്ഞതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. പ്രശ്നം പരിഹരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. ദുരിതത്തിലായ ആളുകൾക്ക് ഉടൻ ഭക്ഷണമെത്തിച്ചു നൽകുമെന്ന് സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ. പോലീസിന്‍റെ നടപടി അംഗീകരിക്കാൻ കഴിയില്ല . മന്ത്രിമാരുടെ നേതൃത്വത്തിൽ ഭക്ഷണവിതരണം തടയരുത് എന്നാവശ്യപ്പെട്ടിട്ടും മന്ത്രിമാർ അംഗീകരിച്ചില്ലെന്നും എംഎൽഎ പറഞ്ഞു.

ഇന്നലെവരെ ഭക്ഷണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൃത്യമായിരുന്നു. രക്ഷാപ്രവർത്തകർക്ക് അലയേണ്ടി വന്നിരുന്നില്ല. സന്നദ്ധ സംഘടനകളുടെ ഭക്ഷണ വിതരണം കൃത്യമായിരുന്നു. ചൂരൽമലയിൽ ആവശ്യമുള്ള സമയത്ത് ഭക്ഷണം ലഭ്യമാകുന്ന ഇടങ്ങളുണ്ടായിരുന്നു. ഉരുൾപൊട്ടലിന്‍റെ പ്രഭവകേന്ദ്രമായ മുണ്ടക്കൈയിലും പുഞ്ചിരിമട്ടത്തും പോലും ഭക്ഷണം ലഭ്യമായിരുന്നു. എന്നാൽ ഇതിന് വിലക്കേർപ്പെടുത്തിയതോടെയാണ് ഭക്ഷണ പ്രതിസന്ധി ഉടലെടുത്തത്.

വിലക്കേർപ്പെടുത്തിയത് റവന്യൂ ഉദ്യോഗസ്ഥരാണെന്ന് പോലീസ് പറയുമ്പോള്‍ തങ്ങളല്ല, പോലീസാണ് വിലക്കേർപ്പെടുത്തിയതെന്ന് റവന്യൂ വകുപ്പും ആരോപിച്ചു. പരസ്പരം പഴിചാരലിനിടെ രക്ഷാപ്രവർത്തനത്തില്‍ ഏർപ്പെട്ടവർക്കുള്ള ഭക്ഷണം മുടങ്ങി.  ഭക്ഷണം ലഭിക്കാത്തത് തിരച്ചിലിന്‍റെ വേഗതയെയും മന്ദഗതിയിലാക്കി. അധികൃതരുടെ പിടിവാശിയില്‍ ആവശ്യത്തിന് ഭക്ഷണം ലഭിക്കാത്ത സ്ഥിതിവിശേഷത്തിലേക്ക് വഴിവെച്ചത് പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.

Comments (0)
Add Comment