പ്രളയത്തില്‍ തകർന്ന വീടുകളുടെ പുനരുദ്ധാരണ കരാര്‍ കാര്‍ അക്‌സസറീസ് ഷോപ്പിന് ; 70,000 ഡോളർ കമ്മീഷന്‍ ലഭിച്ചെന്നും സ്വപ്നയുടെ മൊഴി

Jaihind News Bureau
Tuesday, October 27, 2020

 

തിരുവനന്തപുരം: പ്രളയ പുനരുദ്ധാരണ കരാര്‍ കാര്‍ അക്‌സസറീസ് സ്ഥാപനത്തിന് നല്‍കിയതായി സ്വപ്ന സുരേഷിന്‍റെ മൊഴി. കാര്‍ പാലസ് ഗ്രൂപ്പിനാണ് 150 വീടുകളുടെ അറ്റക്കുറ്റപ്പണിക്കായുള്ള കരാര്‍ നല്‍കിയത്. കാര്‍ പാലസില്‍ നിന്ന് 70,000 ഡോളറും യു.എ.എഫ്.എക്‌സ് സൊല്യൂഷന്‍സില്‍ നിന്ന് 35,000 ഡോളറും കമ്മീഷന്‍ ലഭിച്ചതായും സ്വപ്ന സുരേഷ് മൊഴി നല്‍കി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ  മകന്‍ ബീനിഷ് കോടിയേരിയുടെ ബിനാമി സ്ഥാപനങ്ങളെന്ന് ആരോപിക്കപ്പെടുന്നവയാണ് കാര്‍ പാലസും യുഎഎഫ്എക്‌സ് സൊല്യൂഷന്‍സും.

യുഎഇ കോണ്‍സുലേറ്റിലെ പദ്ധതികളുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രൂപ കമ്മീഷന്‍ ലഭിച്ചതായും സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് ഇഡിയോട് വെളിപ്പെടുത്തി. കേരളത്തിലെ 150 വീടുകളുടെ പുനര്‍നിര്‍മ്മാണത്തിനായി 1,60,000 ഡോളറാണ് യു.എ.ഇ കോണ്‍സുലേറ്റ് കൈമാറിയത്.  ഇതിന് 70,000 ഡോളര്‍ കാര്‍ പാലസില്‍ നിന്ന് കമ്മീഷന്‍ ലഭിച്ചതായും സ്വപ്‌ന വ്യക്തമാക്കി. പണമിടപാട് കരാര്‍ നല്‍കിയത് യു.എ.എഫ്.എക്സ് സൊല്യൂഷന്‍സ് എന്ന തലസ്ഥാനത്തെ സ്ഥാപനത്തിനാണ്. ഈ സ്ഥാപനത്തില്‍ നിന്ന് 35,000 ഡോളര്‍ കമ്മീഷന്‍ ലഭിച്ചെന്നും സ്വപ്നയുടെ മൊഴിയില്‍ പറയുന്നു.

യു.എ.എഫ്.എക്സ് സൊല്യൂഷന്‍സില്‍ നിന്ന് യു.എ.ഇ കോണ്‍സുലേറ്റിലെ ഇന്‍റർനാഷണല്‍ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് സേവന കരാര്‍ നല്‍കിയതിനാണ് ഈ കമ്മീഷന്‍. കാര്‍ പാലസും യു.എ.എഫ്.എക്സും ഒരേ വ്യക്തിയുടെ സ്ഥാപനമാണ്. തിരുവനന്തപുരം സ്വദേശി അബ്ദുല്‍ ലത്തീഫാണ് ഡയറക്ടര്‍. നിര്‍മ്മാണ രംഗത്ത് യാതൊരു പരിചയവുമില്ലാത്ത കാര്‍ അക്‌സസറീസ് വില്‍ക്കുന്ന സ്ഥാപനത്തിനാണ് പ്രളയ പുനരുദ്ധാരണത്തിന്‍റെ നിര്‍മ്മാണ കരാറുകള്‍ നല്‍കിയിരിക്കുന്നത്.