പ്രളയഫണ്ട് തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു ; സിപിഎം നേതാക്കള്‍ ഉൾപ്പെടെ ഏഴ് പ്രതികള്‍

Jaihind News Bureau
Monday, February 8, 2021

കൊച്ചി :  പ്രളയ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യ കേസിലെ കുറ്റപത്രം ക്രൈംബ്രാഞ്ച് സമർപ്പിച്ചു. സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ ഏഴ് പേരാണ് കേസിൽ പ്രതികൾ. തട്ടിയെടുത്ത തുകയിൽ 11 ലക്ഷത്തോളം രൂപ മാത്രമാണ് കണ്ടെത്താനായതെന്നും ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ വ്യക്തമാക്കി.

എറണാകുളം കളക്ടറേറ്റ് കേന്ദ്രീകരിച്ച് നടന്ന പ്രളയ ഫണ്ട് തട്ടിപ്പില്‍ ദുരിതാശ്വാസ പട്ടികയിൽ തിരുത്തൽ വരുത്തി പ്രതികൾ 27 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. കളക്ടറേറ്റ് ജീവനക്കാരനായ വിഷണു പ്രസാദ്, ഇടനിലക്കാരനും കാക്കനാട് സ്വദേശിയുമായ മഹേഷ്, സി.പി.എം തൃക്കാക്കര ഈസ്റ്റ് മുൻ ലോക്കൽ കമ്മിറ്റി അംഗങ്ങളായ അൻവർ, നിധിൻ, അൻവറിന്‍റെ ഭാര്യ കൗലത്ത് അൻവർ, നീതു, ഷിന്‍റു മാർട്ടിൻ എന്നിവരാണ് പ്രതികളെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

യഥാർത്ഥ ഗുണഭോക്താക്കൾക്കായി കളക്ടർ അനുവദിച്ച തുക കംപ്യൂട്ടർ രേഖകളിൽ തിരുത്തൽ വരുത്തി പ്രതികൾ സ്വന്തം പേരിലേക്ക് മാറ്റുകയായിരുന്നു. തട്ടിപ്പിൽ ഉന്നത സി.പി.എം നേതാക്കൾക്കെതിരെ ആരോപണം ഉയർന്നെങ്കിലും അതിനുള്ള തെളിവുകൾ കണ്ടെത്താനായില്ല. സിപിഎം നിയന്ത്രണത്തിലുള്ള അയ്യനാട് സർവ്വീസ് സഹകരണ ബാങ്കിന്‍റെ അക്കൗണ്ടിൽ ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കായി തുക എത്തിയതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. പ്രതികൾ തട്ടിയെടുത്ത 27 ലക്ഷം രൂപയിൽ 10.58 ലക്ഷം രൂപ മാത്രമാണ് കണ്ടെടുക്കാനായത്. ബാക്കി തുക എവിടെയെന്നത് സംബന്ധിച്ച വിവരം പ്രതികളിൽ നിന്ന് ലഭിച്ചിട്ടില്ലെന്നും കുറ്റപത്രത്തിലുണ്ട്.

കേസിൽ മുൻ കളക്ടർ മുഹമ്മദ് സഫീറുള്ള, നിലവിലെ കളക്ടർ എസ് സുഹാസ്, എ.ഡി.എം, സഹകരണ ബാങ്ക് ജീവനക്കാർ എന്നിവർ ഉൾപ്പെടെ 172 സാക്ഷികളുണ്ട്. ആയിരത്തിമുന്നൂറോളം പേജുകളുള്ള കുറ്റപത്രമാണ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 73 ലക്ഷം തട്ടിയ കേസിൽ വിഷ്ണു പ്രസാദിനെതിരായ രണ്ടാം കേസിലെ കുറ്റപത്രം നേരത്തെ തന്നെ സമർപ്പിച്ചിരുന്നു.