പ്രളയാനന്തര കേരളത്തിൽ സാംസ്‌ക്കാരിക പരിപാടികൾ വൻതുക ചെലവഴിച്ച് നടത്തേണ്ടന്ന വിമർശനം ഉയർന്നതിനെ തുടർന്നാണ് സംസ്ഥാന സ്‌കൂൾ കലോത്സവവും അന്താരാഷ്ട്ര ചലച്ചിത്ര മേളയും ചെലവുചുരുക്കി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതതേത്തുടർന്ന് ഏഷ്യയിലെ ഏറ്റവും വലിയ കാലാമാമാങ്കമെന്ന വിശേഷണമുള്ള സ്‌കൂൾ കലോത്സവം മൂന്നു ദിവസമാക്കി ചുരുക്കിയിരുന്നു. ഇതോടനുബന്ധിച്ചുള്ള ഘോഷയാത്രയും വേണ്ടെന്ന് വെച്ചിരുന്നു. ഇതിനായി അധിക തുക നൽകേണ്ടെന്ന തീരുമാനം സർക്കാർ എടുത്തതോടെയാണ് കലോത്സവത്തിശന്റ വർണ്ണപ്പൊലിമ കുറച്ചത്. ഇതേ രീതിയിൽ തന്നെ ചെലവ് ചുരുക്കി അന്തരാഷ്ട്ര ചലച്ചിത്രോത്സവവും നടത്താനായിരുന്നു തീരുമാനം. എന്നാൽ ചലച്ചിത്രോത്സവത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ വെച്ച് സംസ്ഥാന സർക്കാർ തന്നെ പത്രമാധ്യമങ്ങൾക്ക് പരസ്യം നൽകിയതാണ് ഇപ്പോൾ വിവാദമാകുന്നത്.
കഴിഞ്ഞ വർഷം ചലച്ചിത്ര മേള നടത്താൻ ആറു കോടി രൂപയാണു ചെലവായത്. ഇത്തവണ ഇതു മൂന്നു കോടി രൂപയ്ക്കു നടത്തുന്നതിനുള്ള നിർദേശമാണു ചലച്ചിത്ര അക്കാദമി തയാറാക്കിയിരിക്കുന്നത്. ഇതനുസരിച്ച് ഡെലിഗേറ്റ് ഫീസ് 2000 രൂപയാക്കി വർധിപ്പിച്ചിരുന്നു. ഇതോടെ രണ്ടു കോടി രൂപ ഡെലിഗേറ്റ് ഫീസിലൂടെ നേടാനാവുമെന്ന വിലയിരുത്തലുമുണ്ടായിരുന്നു. ശേഷിക്കുന്ന ഒരു കോടി രൂപ പദ്ധതി വിഹിതത്തിൽ നിന്നു ചെലവഴിക്കാനുമാണ് തീരുമാനമായിരുന്നത്. അമിത ചെലവും വിദേശ ജൂറിയെയും ഒഴിവാക്കിയും ചലച്ചിത്ര മേള നടത്തുന്നതിനുള്ള നിർദേശം ഫിലിം സൊസൈറ്റി ഭാരവാഹികളും നൽകിയിരുന്നു. ഇത്തരത്തിൽ എല്ലാ അധിക ചെലവും ചുരുക്കി മേള സംഘടിപ്പിക്കുന്നതിനിടെയാണ് പണം വാരിക്കോരി ചെലവഴിച്ച് ചലച്ചിത്രമേളയുടെ പേരിൽ മുഖ്യമന്ത്രിയുടെ ഫോട്ടോ വെച്ചുള്ള പരസ്യം പി.ആർ.ഡി തന്നെ നൽകിയിട്ടുള്ളത്.
ചലച്ചിത്രമേളയുടെ മാറ്റ് വർധിപ്പിക്കുന്നതിന് വേണ്ടത്ര പണം ചെലവഴിക്കാനില്ലാത്ത അവസരത്തിൽ മുഖ്യമന്ത്രിയുടെ പ്രതിച്ഛായ ഉയർത്താനുള്ള ശ്രമത്തിന്റെ ഭാഗമായി നൽകിയ പരസ്യം ചൂടേറിയ ചർച്ചകൾക്ക് വഴിവെക്കും. എഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തോടുള്ള സർക്കാരിന്റെ ചിറ്റമ്മനയമാണ് ഇതിലൂടെ വ്യക്തമാവുന്നത്. സ്‌കൂൾ യുവജനോത്സവത്തിന്റെ ദിനങ്ങൾ വെട്ടിച്ചുരുക്കി ചെലവ് കുറയ്ക്കാനെന്ന പേരിൽ കലോത്സവത്തിന്റെ മാറ്റ കുറച്ച സർക്കാരാണ് മറുവശത്ത് ചലച്ചിത്രോത്സവത്തിന്റെ പേരിൽ പരസ്യം നൽകി ലക്ഷങ്ങൾ പൊടിക്കുന്നത്. അനാവശ്യ ധൂർത്തും ആഡംബരവും മൂലം ഏറെ പഴികേട്ട സർക്കാരിന്റെ നയങ്ങൾ പ്രളയാനന്തര കാലത്തും മാറുന്നില്ലെന്നതിന്റെ വ്യക്തമായ തെളിവാണ് പരസ്യം നൽകിയുള്ള ധൂർത്തെന്നും വിലയിരുത്തപ്പെടുന്നു. –