കണ്ണൂർ വിമാനത്താവളത്തിൽ ഉദ്ഘാടനദിനം മുതൽ സർവീസ് ആരംഭിക്കാൻ സന്നദ്ധത അറിയിച്ച് വിമാന കമ്പനികൾ. വിമാനത്താവളത്തിലെ സൗകര്യങ്ങളും സേവനങ്ങളും നേരിട്ട് കാണാൻ ഒൻപത് വിമാന കമ്പനി പ്രതിനിധികളാണ് കണ്ണൂരിലെത്തിയത്.
ഡിസംബർ ഒൻപതിന് കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്യുമ്പോൾ തന്നെ ഗൾഫ് മേഖലയിലും ഇന്ത്യയ്ക്കകത്തും സർവീസ് നടത്താമെന്ന് ഇന്ത്യൻ വിമാന കമ്പനി അധികൃതർ അറിയിച്ചതായി കിയാൽ എംഡി തുളസിദാസ് പറഞ്ഞു. ഗൾഫ് മേഖലയിലെ അഞ്ച് വിമാന കമ്പനികൾ ഉൾപ്പടെയുള്ള ഒൻപത് കമ്പനികളുടെ പ്രതിനിധികൾ കണ്ണൂരിലെത്തി കിയാൽ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
https://www.youtube.com/watch?v=PvBvLeTpffc
കണ്ണുരിലെത്തുന്ന വിമാന ജീവനക്കാർക്ക് താമസിക്കാനുള്ള സൗകര്യ കുറവാണെന്ന കാര്യമാണ് വിമാന കമ്പനി അധികൃതർ കിയാൽ ഉന്നതോദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ പ്രധാനമായും ചൂണ്ടി കാട്ടിയത്. ഇതിന് പരിഹാരമായി സ്വകാര്യ വ്യക്തികൾ ഹോട്ടൽ വ്യവസായ മേഖലയിലേക്ക് കടന്നുവരുമെന്ന പ്രതീക്ഷയിലാണ് കിയാൽ അധികൃതർ. ഹോട്ടലുകൾ നിർമിക്കാൻ സ്വകാര്യ വ്യക്തികൾക്ക് ഭൂമി വിട്ടു നൽകാൻ തയ്യാറാണെന്നും കിയാൽ വ്യക്തമാക്കിട്ടുണ്ട്.
യാത്രക്കാർക്ക് സെൽഫ് ചെക്കിങ് സൗകര്യം നൽകുന്ന കമ്പനിയടക്കം വിമാനത്താവളത്തിൽ സേവനം നൽകുന്ന വിവിധ സ്ഥാപനങ്ങളും വിമാന കമ്പനികളുമായി ചർച്ച നടത്തി. വിദേശ സർവീസുകൾ നടത്താൻ വിദേശ കമ്പനികൾ തയ്യാറാണെങ്കിലും കേന്ദ്ര സർക്കാരിൽനിന്ന് ഇതുവരെ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല.