അജ്മാന്‍ ( യു.എ.ഇ ) : കൊവിഡ് വിമാന വിലക്ക് മൂലം യു.എ.ഇയില്‍ കുടുങ്ങിയവരെ സൗദിയിലേക്ക് സൗജന്യ ബസ് സര്‍വീസ് വഴി എത്തിച്ചു. അജ്മാന്‍ കെ.എം.സി.സിയാണ് ഈ സൗജന്യ സേവനം ഒരുക്കിയത്.
അജ്മാന്‍ കെ.എം.സി.സിയുടെ ക്യാമ്പില്‍ താമസവും ഭക്ഷണം ഇവര്‍ക്കായി നല്‍കിയിരുന്നു. ഇപ്രകാരം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യ കൊവിഡ് പരിശോധന പൂര്‍ത്തീയാക്കി ആഡംബര ബസില്‍ സൗദിയിലെ റിയാദില്‍ എത്തിക്കുകയായിരുന്നു. ആദ്യ ബസ് പതിനഞ്ച് മണിക്കൂറിന് ശേഷം വെള്ളിയാഴ്ച ഉച്ചയോടെ സുരക്ഷിതമായി റിയാദിലെത്തി. അറുപത് പേര്‍ക്ക് സീറ്റുകളുള്ള ബസില്‍ സാമൂഹിക അകലം പാലിച്ചാണ് യാത്രക്കാരെ കയറ്റിയത്.
കെ.എം.സി.സി യു.എ.ഇ രക്ഷാധികാരി ഷംസുദ്ദീന്‍ ബിന്‍ മൊഹിയുദ്ദീന്‍, യു.എ.ഇ പ്രസിഡന്‍റ് പുത്തൂര്‍ റഹ്മാന്‍, അജ്മാന്‍ പ്രസിഡന്‍റ് സൂഫി പാതിരപ്പറ്റ, അജ്മാന്‍ സെക്രട്ടറി ഫൈസല്‍ കരീം എന്നിവര്‍ നേതൃത്വം നല്‍കി. ആകെ നാല് ബസുകള്‍ വഴി കുടുങ്ങി കിടക്കുന്നവരെ റിയാദിലും ദമ്മാമിലും എത്തിക്കാനാണ് അജ്മാന്‍ കെ.എം.സി.സിയുടെ തീരുമാനം.