ശ്രീറാം വെങ്കിട്ടരാമന്‍റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന്‍റെ ഗുരുതര വീഴ്ച്ച

Jaihind News Bureau
Saturday, August 3, 2019

സർവെ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമന്‍റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത് ഗുരുതര വീഴ്ച്ച. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നുവെന്ന് ഡോക്ടര്‍ രേഖപ്പെടുത്തിയിട്ടും രക്ത സാമ്പിള്‍ പരിശോധനയ്ക്ക് പൊലീസ് തയാറായില്ല. സമ്മർദ്ദത്തെ തുടർന്ന് ഒൻപത് മണിക്കുറുകൾക്ക് ശേഷമാണ് രക്ത സാമ്പിള്‍ ശേഖരിച്ചത്.

പ്രതിസ്ഥാനത്ത് ഐ.എ.എസ് ഉദ്യോഗസ്ഥനായതിനാല്‍ സംഭവം അട്ടിമറിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് പോലീസിന്‍റെ അനാസ്ഥക്ക് പിന്നിലെന്ന ആക്ഷേപം ശക്തമാണ്.

മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചപ്പോള്‍ ശ്രീറാമിന്‍റെ ആവശ്യപ്രകാരം സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നുവെന്ന് ഡോക്ടര്‍ രേഖപ്പെടുത്തിയിട്ടും രക്തസാമ്പിള്‍ പരിശോധനയ്ക്ക് പൊലീസ് തയാറായില്ല.
സുഹൃത്താണ് വാഹനമോടിച്ചതെന്നായിരുന്നു ശ്രീറാം പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഇക്കാര്യം തെറ്റാണെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കിയിട്ടും ശ്രീറാമിന്‍റെ മൊഴിയാണ് പൊലീസ് കണക്കിലെടുത്തത്.

ശ്രീറാമിന്‍റെ സുഹൃത്ത് വഫയെ മെഡിക്കല്‍ പരിശോധന നടത്താതെ തന്നെ ടാക്സിയില്‍ വിട്ടയച്ചതും പോലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയായി. പിന്നീട് മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നാല് മണിക്കൂറിന് ശേഷം ഇവരെ വിളിച്ച് വരുത്തി വൈദ്യപരിശോധന നടത്തിയത്.

അതേസമയം കാറോടിച്ചത് ആരെന്ന് എഫ്.ഐ.ആറില്‍ രേഖപ്പെടുത്താനും പൊലീസ് തയാറായില്ല. സംഭവം വിവാദമായതോടെയാണ് കേസ് എടുക്കാൻ ഉദ്യോഗസ്ഥർ തയ്യാറായത്. തുടർന്ന് ശ്രീറാമിനെ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയിലെത്തി പോലീസ് വിരലടയാളവും മൊഴിയും രേഖപ്പെടുത്തി. സംഭവത്തിൽ ശ്രീറാമിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കാൻ ഡിജിപി നിർദ്ദേശം നൽകി.