കണ്ണൂരിലെ സിപിഎമ്മിൽ സ്ഥിര നിക്ഷേപ വിവാദം; 36 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം ക്രമക്കേട് നടത്തി സ്വന്തം പേരിലാക്കിയ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ നടപടി

Jaihind News Bureau
Tuesday, August 4, 2020

 

കണ്ണൂർ: കണ്ണൂരിലെ സിപിഎമ്മിൽ സ്ഥിര നിക്ഷേപ വിവാദം. ചെത്ത് തൊഴിലാളി യൂണിയൻ സിഐടിയു ശ്രീകണ്ഠാപുരം റേഞ്ച് കമ്മിറ്റിയുടെ 36 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപത്തിൽ ക്രമക്കേട് നടത്തി സ്വന്തം പേരിലാക്കിയ മയ്യിൽ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ സിപിഎം നടപടി. മയ്യിൽ പഞ്ചായത്ത് പ്രസിഡന്‍റും ചെത്തുതൊഴിലാളി യൂണിയൻ ശ്രീകണ്ഠാപുരം റേഞ്ച് കമ്മിറ്റി സെക്രട്ടറിയുമായ പി.ബാലനെ ഏരിയാ കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി.

ചെത്തുതൊഴിലാളി യൂണിയൻ ശ്രീകണ്ഠാപുരം റേഞ്ച് കമ്മിറ്റിയുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചിരുന്ന 36 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം ബാലൻ സ്വന്തം പേരിലാക്കി ഭാര്യയെ നോമിനിയായി വെച്ച് ക്രമക്കേട് നടത്തുകയായിരുന്നു. ചെത്ത് തൊഴിലാളി യൂണിയൻ റേഞ്ച് സെക്രട്ടറിയായ പി.ബാലൻ യൂണിയന്‍റെ റെസലൂഷൻ ഇല്ലാതെ പാർട്ടി നിയന്ത്രണത്തിലുള്ള ബാങ്കിലെ സ്ഥിര നിക്ഷേപം പുതുക്കുമ്പോൾ അതിൽ ക്യത്രിമം കാണിച്ച് സ്വന്തം ഭാര്യയെ നോമിനിയാക്കിയത് ബാങ്കിലെ ജീവനക്കാരനായ സി പി എം പ്രവർത്തകൻ പാർട്ടി പ്രാദേശിക നേതൃത്വത്തെ അറിയിച്ചു.

ഇക്കാര്യം മയ്യിൽ എരിയാ സെക്രട്ടറി സി പി എം ജില്ലാ നേതൃത്വത്തെ അറിയിച്ചു.  തുടർന്ന് സിപിഎം ജില്ലാ നേതൃത്വം ചെത്ത് തൊഴിലാളി യൂണിയൻ ശ്രീകണ്ഠാപുരം റേഞ്ച് കമ്മിറ്റിയിലെ 5 വർഷത്തെ വിവിധ ധന ഇടപാടുകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ഹരീന്ദ്രനെ ചുമതലപ്പെടുത്തി. പി.ഹരീന്ദ്രൻ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റെ പി.ബാലനെ പാർട്ടി മയ്യിൽ ഏരിയ കമ്മിറ്റിയിൽ നിന്ന് മുല്ലക്കൊടി ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയത്.

തളിപ്പറമ്പ് എംഎൽഎ ജയിംസ് മാത്യുവും, ജില്ലാ സെക്രട്ടറി എംവി ജയരാജനും പി.ബാലനെ സന്ദർശിച്ച് സ്ഥിരം നിക്ഷേപതുക സംബന്ധിച്ച കാര്യങ്ങളിൽ വിശദീകരണം ചോദിക്കുകയും പാർട്ടി തീരുമാനം അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. എന്നാൽ ചെത്ത് തൊഴിലാളി യൂണിയൻ സഹകരണ സംഘത്തിന്‍റെ നിയന്ത്രണത്തിലുള്ള സാറ്റ്കോസ് ഓഡിറ്റോറിയത്തിന്‍റെ നിർമ്മാണത്തിൽ ക്രമക്കേട് നടന്നത് സംബന്ധിച്ച് പാർട്ടി ജില്ലാ നേതൃത്വം മൗനം പാലിക്കുകയാണ്.