ഇടുക്കിയില്‍ അഞ്ച്‌ വയസുകാരന് പിതൃസഹോദരന്‍റെ ക്രൂര മർദ്ദനം; തലയോട്ടിക്ക് പൊട്ടൽ, ആന്തരിക രക്തസ്രാവം

Jaihind News Bureau
Saturday, October 31, 2020

ഇടുക്കി ഉണ്ടപ്ലാവിൽ അസം സ്വദേശിയായ അഞ്ച്‌ വയസുകാരന് പിതാവിന്‍റെ സഹോദരന്‍റെ ക്രൂര മർദ്ദനം. കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലേൽക്കുകയും ആന്തരിക രക്തസ്രാവമുണ്ടാവുകയും ചെയ്തു. പ്രതി തൊടുപുഴ പൊലീസിന്‍റെ കസ്റ്റഡിയിൽ.

ഇന്നലെ വൈകുന്നേരമാണ് തൊടുപുഴ ഉണ്ടപ്ലാവിൽ അസം സ്വദേശിയായ അഞ്ചുവയസുകാരനെ പിതാവിന്‍റെ സഹോദരൻ തറയിലേക്ക് തള്ളിയിട്ടത്. കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലേൽക്കുകയും ആന്തരിക രക്തസ്രാവമുണ്ടാവുകയും ചെയ്തു. ഇന്നലെ രാത്രി കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് തൊടുപുഴ പൊലീസ് പ്രതിയായ ഇംദാദുൾ ഹക്കിനെ കസ്റ്റഡിയിലെടുത്തു. പ്രതി പലതവണ കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്നും, ഇത് നിർത്തണമെന്ന് ആശാ പ്രവർത്തകർ വീട്ടുകാർക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് നാട്ടുകാർ പറയുന്നു.

കുട്ടി അപകടനില തരണം ചെയ്‌തെന്ന് തൊടുപുഴയിലെ ആശുപത്രി അധികൃതർ അറിയിച്ചു. മരപ്പണിക്കാരായ ഇതരസംസ്ഥാന തൊഴിലാളി കുടുംബം കഴിഞ്ഞ ഒരു വർഷമായി തൊടുപുഴ ഉണ്ടപ്ലാവിലാണ് താമസം.