കൊല്‍ക്കത്തയിലും യുപിയിലും ആക്രമണത്തിന് പദ്ധതിയിട്ട അഞ്ച് ഭീകരര്‍ പിടിയില്‍

Jaihind Webdesk
Sunday, July 11, 2021

കൊൽക്കത്ത/ലക്നൗ : ആക്രമണത്തിന് പദ്ധതിയിട്ട അഞ്ച് ഭീകരര്‍ കൊല്‍ക്കത്തയില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നുമായി പൊലീസിന്‍റെ പിടിയിലായി. ഉത്തർ പ്രദേശിൽ രണ്ടും പശ്ചിമബംഗാളിൽ മൂന്നും ഭീകരരാണ് പിടിയിലായത്. പിടിയിലായവര്‍ വിവിധ പ്രദേശങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി പൊലീസ് അറിയിച്ചു.

ചാവേര്‍ ആക്രമണം നടത്താന്‍ ഗൂഢാലോചന നടത്തിയ രണ്ട് അൽ-ഖ്വയ്ദ ഭീകരരാണ് ഉത്തർ പ്രദേശിൽ പിടിയിലായത്. മിന്‍ഹാജ് അഹമ്മദ്,  മസീറുദ്ദീന്‍ എന്നിവരാണ് പിടിയിലായ ഭീകരര്‍. ഇവരില്‍നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടികൂടിയതായി പൊലീസ് പറഞ്ഞു. സ്മാരകങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങള്‍ അക്രമിക്കാനായിരുന്നു പദ്ധതിയെന്നും ഇവരുടെ കൂട്ടാളികള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണെന്നും ഉത്തര്‍പ്രദേശ് പൊലീസ് പറഞ്ഞു.

ജമാത്ത് ഉൾ മുജാഹീദ്ദീൻ എന്ന തീവ്രവാദസംഘടനയിൽ അം​ഗങ്ങളായ മൂന്ന് പേരാണ് കൊൽക്കത്തയിൽ പിടിയിലായത്. ഇവരില്‍ നിന്ന് ഭീകര സംഘടനയുമായി ബന്ധപ്പെട്ട ലഘുലേഖകള്‍ കണ്ടെടുത്തതായി പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പരിശോധിച്ചുവരികയാണെന്നും കൊല്‍ക്കത്ത പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് പറഞ്ഞു.

പിടിയിലായവർ കഴിഞ്ഞ കുറച്ചു മാസങ്ങളായി കൊല്‍ക്കത്തയിലെ ഹരിദേവ്പൂരില്‍ വാടകയ്ക്ക് താമസിച്ചിരുന്നതായാണ് വിവരം. പ്രദേശവാസികളെ ചോദ്യം ചെയ്യുകയാണെന്നും അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് വ്യക്തമാക്കി. ഭീകരരില്‍ നിന്ന് ലഘുലേഖകളും ഡയറികളും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായവരെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ സോളമന്‍ നേസാകുമാര്‍ അറിയിച്ചു.