കണ്ണൂർ : കണ്ണൂർ മുഴക്കുന്ന് പോളിംഗ് ബൂത്തിന്റെ 100 മീറ്റർ അകലെ നിന്ന് ഉഗ്രശേഷിയുള്ള 5 ബോംബുകൾ പൊലീസ് കണ്ടെടുത്തു. പാല ഗവ: ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ കലുങ്കിന് അടിയിൽ നിന്നാണ് പൊലീസ് ബോംബ് കണ്ടെടുത്തത്. ഇന്നലെ മുഴക്കുന്ന് പഞ്ചായത്തിൽ ഉഗ്രസ്ഫോടനം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ബോംബുകള്‍ കണ്ടെത്തിയത്.
മുഴക്കുന്ന് എട്ടാം വാർഡിൽ യു ഡി എഫ് ബൂത്ത് ഏജന്റിനും, സ്ഥാനാർത്ഥിക്കും നേരെ കയ്യേറ്റമുണ്ടായി. സി കെ മോഹനൻ , സഫീറ ഹസ്സൻ എന്നിവരെയാണ് സി പി എം പ്രവർത്തകർ ബൂത്തിനകത്ത് വെച്ച് കയ്യേറ്റം ചെയ്തത്.
കല്യാശ്ശേരി പഞ്ചായത്തിലെ വ്യത്യസ്ത ബൂത്തുകളിലായി ഇക്കുറി വോട്ടര്‍പട്ടികയില്‍ 292 പരേതര്‍. മരിച്ചവരുടെയും സ്ഥലത്ത് ഇല്ലാത്തവരുടെയും പേരുകള്‍ വോട്ടര്‍ പട്ടികയിലുണ്ട്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് യുഡിഎഫ് കല്യാശ്ശേരി മണ്ഡലം കമ്മറ്റി വരണാധികാരിക്ക് ലിസ്റ്റ് നല്കി. പരേതരുടെയും സ്ഥലത്തില്ലാത്തവുടെയും വാര്‍ഡ് അടിസ്ഥാനത്തിലുള്ള പട്ടികയാണ് അധികൃതര്‍ക്ക് കൈമാറിയത്.
പയ്യന്നൂർ മുൻസിപ്പാലിറ്റി 44 വാർഡ് വെള്ളൂർ ഗവ: ഹൈസ്കൂൾ ബൂത്തിൽ യു ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥിക്ക് നേരെ കൈയേറ്റശ്രമം ഉണ്ടായി. സാജിത പി.ടി.പി യുടെ ചീഫ് ചീഫ് ഏജന്റ് റിയാസിനാണ് മർദ്ദനമേറ്റത്. സ്ഥാനാർത്ഥിയുടെ ഭർത്താവിനും മർദ്ദനമേറ്റു.
പരിയാരം പഞ്ചായത്തിലെ മാവിച്ചേരിയിൽ യു ഡി എഫ് ബൂത്ത് ഏജൻ്റിന് നേരെ അക്രമമുണ്ടായി. ഏഴാം വാർഡിലെ ബൂത്ത് ഏജൻ്റ് നിസാറിനെയാണ് ഒരു സംഘം സി പി എം പ്രവർത്തകർ മർദ്ദിച്ചത്. ഇതേ വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി സിദ്ദിഖ് കെ പി യുടെ വീടിന് നേരെ ഇന്നലെ രാത്രി ബോംബേറ് ഉണ്ടായിരുന്നു.
മുഴപ്പിലങ്ങാട് ഏട്ടാം വാർഡിൽ യു ഡി എഫ് ചീഫ് എജൻ്റിന് മർദ്ദനമേറ്റു. അൻസിൽ പി പി യെ സി പി എം പ്രവർത്തകരാണ് മർദ്ദിച്ചത്. പയ്യന്നൂർ മുൻസിപ്പാലിറ്റിയിലെ 44 നമ്പർ വാർഡിലെ രണ്ടാം ഭാഗത്തെ പോളിംഗ് ബൂത്തിൽ നിന്ന് യുഡിഎഫ് ബൂത്ത് ഏജൻ്റിനെ സി പി എം പ്രവർത്തകർ ഇറക്കിവിട്ടു. വോട്ടേഴ്സ് ലിസ്റ്റ് കീറി നശിപ്പിച്ചു.
കണ്ണൂർ ചിറ്റാരിപറമ്പിലെ എട്ടാം വാർഡ് ഒന്നാം വാർഡിൽ കള്ളവോട്ടിന് ശ്രമം.എട്ടാം വാർഡ് ഒന്നാം ബൂത്തിലാണ് സി പി എം പ്രവർത്തകർ കള്ളവോട്ടിന് ശ്രമം നടത്തിയത്. ഇവിടെ വെബ്ബ് കാസ്റ്റിംഗിന് സൗകര്യം ഏർപ്പെടുത്തിട്ടുണ്ടെങ്കിലും ഇതിന് ചുമതലപ്പെടുത്തിയവർ ഇതിന് തയ്യാറാവുനില്ലെന്ന് യുഡിഎഫ് പ്രവർത്തകരുടെ പരാതി.
മുഴക്കുന്ന് പഞ്ചായത്തിലെ 8, 9, 12 വാർഡുകളിൽ വ്യാപക കള്ളവോട്ടിന് ശ്രമം. സി പി എം പ്രവർത്തകർ ആളുമാറി വോട്ട് ചെയ്യാൻ ശ്രമിക്കുന്നതായി യുഡിഎഫ് പരാതി നൽകി.
കൂത്തുപറമ്പ് കോട്ടയം ഗ്രാമ പഞ്ചായത്ത് 4ആം വാർഡ് കോട്ടയം അങ്ങാടിയിൽ സിപിഎം പ്രവർത്തകൻകള്ള വോട്ട് ചെയ്തു. ഫാത്തിമയുടെ വോട്ടാണ് കള്ളവോട്ട് ചെയ്തത്. വെബ് കാസ്റ്റിംഗ് ഉള്ള ബൂത്തിൽ സിപിഎം ക്രമനമ്പർ തെറ്റിച്ചു നൽകി ആശയക്കുഴപ്പം സൃഷ്ടിച്ചാണ് കള്ള വോട്ട് ചെയ്തത്. മുഴപ്പിലങ്ങാടും കളളവോട്ട് ചെയ്തതായി പരാതി ഉയർന്നു. കണ്ണൂർ മുഴപ്പിലങ്ങാട് പഞ്ചായത്ത് 4 ആം വാർഡിൽ കള്ളവോട്ട് നടന്നതായി കണ്ടെത്തി. കണ്ണൻ വയൽ പടന്നക്കണ്ടി ഈസ്റ്റ് L.P.സ്കൂളിലെ ബൂത്തിലാണ് കള്ളവോട്ട് നടന്നത്. മുഴപ്പിലങ്ങാട് സ്വദേശി പ്രേമദാസന്റെ വോട്ടാണ് കള്ളവോട്ട് ചെയ്തത്. തുടർന്ന് അദ്ദേഹം ചലഞ്ചു വോട്ട് ചെയ്തു.
പയ്യന്നൂർ മുൻസിപാലിറ്റി മൂന്നാം വാർഡ്, വെള്ളൂർ ജനതാ അംഗൻവാടിയിലെ യുഡിഎഫ് സ്ഥാനാർത്ഥി കച്ചേരി രമേശനെ സി പി എം ഡി വൈ എഫ് ഐ ഗുണ്ടാ സംഘം ബൂത്തിൽ നിന്ന് വലിച്ച് പുറത്തിട്ട് മർദ്ദിച്ചു. കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്തിലെ രണ്ടാംവാർഡിൽ വ്യാപക കള്ളവോട്ട്. വിഷ്ണു ശർമ്മ സ്കൂളിലെ ബൂത്തിലാണ് കളളവോട്ട് നടന്നത്.
ചെറുതാഴം പഞ്ചായത്തിലെ അഞ്ചാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി ജാസ്മിന് നേരെ അക്രമം. ഒരു സംഘം ഡിവൈഎഫ്ഐ പ്രവർത്തകർ തെറി വിളിക്കുകയും മർദ്ദിക്കുകയും ചെയ്തു.
നടുവിൽ പഞ്ചായത്തിൽ വോട്ട് ചെയ്യാൻ പോവുകയായിരുന്ന വയോധികനെ സി പി എം പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചു.81 വയസ്സുള്ള ജോസഫ് പെരുമ്പുഴയെയാണ് മർദ്ദിച്ചത്. മണ്ണംകുണ്ട് – പുലി കുരുമ്പ റോഡിൽ വെച്ചായിരുന്നു മർദ്ദനം.
ചെറുതാഴം പഞ്ചായത്ത് പിലാത്തറ അഞ്ചാ വാർഡിൽ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് സിഎം വേണുഗോപാൽ സ്ഥാനാർത്ഥിയെയും ഏജൻ്റിനെയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.വാർഡ് 15 ൽ വ്യാപകമായി സി പി എം പ്രവർത്തകർ കള്ളവോട്ട് ചെയ്തു.